കാസർകോട്:മംഗളൂരുവിൽ സംഘർഷം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി ചാനൽ സംഘത്തെ കർണാടക പൊലീസ് പച്ചവെള്ളം പോലും കൊടുക്കാതെ ഏഴ് മണിക്കൂർ തടഞ്ഞുവച്ച ശേഷം ഇന്നലെ വൈകിട്ട് വിട്ടയച്ചു.
മീഡിയ വൺ, ഏഷ്യാനെറ്റ്, 24, മാതൃഭൂമി ചാനലുകളുടെ കാസർകോട് ബ്യൂറോ റിപ്പോർട്ടർമാരും കാമറാമാന്മാരും ഉൾപ്പെടെ എട്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റു ചാനലുകളുടെ വാഹനങ്ങൾ വിട്ടു കൊടുത്തെങ്കിലും മീഡിയ വൺ ചാനലിന്റെ കാർ പൊലീസ് പിടിച്ചെടുത്തു.
മംഗളൂരുവിൽ വ്യാഴാഴ്ച രാത്രി പൊലീസ് വെടിവെയ്‌പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത് വെൻലോക് ആശുപത്രിയിലായിരുന്നു. അവിടത്തെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാദ്ധ്യമ പ്രവർത്തകർ. ഇന്നലെ രാവിലെ എട്ടരയോടെ കസ്റ്റഡിയിലെടുത്ത കസ്റ്റഡിയിലെടുത്ത ഇവരെ കമ്മിഷണർ ഓഫീസിൽ ഏഴ് മണിക്കൂറോളം തടഞ്ഞുവയ്‌ക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകളും കാമറയും ട്രൈപ്പോഡുകളും മൈക്കും പൊലീസ് വാങ്ങിവച്ചു. പരസ്പരം സംസാരിക്കുന്നത് പോലും വിലക്കി. കുടിക്കാൻ പച്ചവെള്ളം പോലും നൽകാതെയാണ് പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞതെന്ന് വിട്ടയച്ച മാദ്ധ്യമ പ്രവർത്തകർ പറഞ്ഞു. വ്യാജ മാദ്ധ്യമ പ്രവർത്തകർ പിടിയിലായി എന്ന രീതിയിലാണ് കർണാടക പെലീസ് വാട്‌സ്ആപ് ഗ്രൂപ്പിൽ പ്രചാരണം നടത്തിയത്.
മാദ്ധ്യമ പ്രവർത്തകരെ വിട്ടയയ്‌ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി വി.എസ് യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. ഡി ജി പി ലോകനാഥ് ബഹ്‌റയും കർണാടക അധികാരികളുമായി ബന്ധപ്പെട്ടു. തുടർന്ന് കാമറയും ഫോണും മറ്റും തിരിച്ചു കൊടുത്ത ശേഷം ഇന്നലെ വൈകിട്ട് കർണാടക പൊലീസ് മാദ്ധ്യമപ്രവർത്തകരെ കാസർകോട് അതിർത്തിയായ തലപ്പാടിയിൽ എത്തിച്ച് കേരള പൊലീസിന് കൈമാറുകയായിരുന്നു.