mumbai-blast-

ജയ്‌പൂർ:രാജസ്ഥാനിലെ ജയ‌്പൂർ നഗരത്തിൽ പതിനൊന്ന് വർഷം മുൻപ് 71 പേരെ കൂട്ടക്കൊല ചെയ്‌ത സ്‌ഫോടന പരമ്പര കേസിൽ നാല് ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരർക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

മുഹമ്മദ് സെയ്‌ഫ്, മുഹമ്മദ് സർവർ ആസ്‌മി, സയ്‌ഫുർ റഹ്‌മാൻ, മുഹമ്മദ് സൽമാൻ എന്നിവർക്കാണ് തൂക്കുകയർ. നാല് പ്രതികളും ഉത്തർപ്രദേശ് സ്വദേശികളാണ്. ഇവർ കുറ്റക്കാരാണെന്ന് പ്രത്യേക ജഡ്‌ജി അജയ്‌കുമാർ ശർമ്മ ബുധനാഴ്‌ച വിധിച്ചിരുന്നു.

ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകൻ യാസീൻ ഭട്‌കൽ ആണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ. ഇയാളും സ്ഫോടനത്തിൽ പങ്കുള്ള അസദുള്ള അക്‌തർ, മുഹമ്മദ് ആരിസ് എന്നീ പ്രതികളും ഇപ്പോൾ തീഹാർ ജയിലിലാണ്. മറ്റ് ഭീകരാക്രമണ കേസുകളിൽ വിചാരണത്തടവുകാരാണ് ഇവർ. സ്‌ഫോടന പരമ്പരയുടെ മറ്റൊരു സൂത്രധാരനായ ഉത്തർപ്രദേശ് സ്വദേശി ആതിഫ് അമീൻ, മുഹമ്മദ് സജ്ജാദ് എന്നീ ഭീകരർ ഡൽഹിയിലെ ബട്‌ല ഹൗസ് പ്രദേശത്ത് 2008 സെപ്റ്റംബറിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

ജയ്‌പൂർ ഭീകരാക്രമണം

2008 മേയ് 13ന് ജയ്‌പൂർ നഗരത്തിൽ

സ്ഫോടനങ്ങൾ ജനത്തിരക്കേറിയ 9 കേന്ദ്രങ്ങളിൽ

രണ്ട് കിലോമീറ്റർ ചുറ്റളവിൽ 9 ബോംബുകൾ പൊട്ടി

71 പേർ കൊല്ലപ്പെട്ടു. 200 പേർക്ക് പരിക്കേറ്റു

സൈക്കിളുകളിലാണ് ബോംബുകൾ വച്ചിരുന്നത്

പുലർച്ചെ 7.20 മുതൽ 7.45 വരെയായിരുന്നു സ്‌ഫോടനങ്ങൾ

പ്രതികൾക്ക് അന്ന് 21 - 25 വയസ്