ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ വിദ്യാർത്ഥികളെ പ്രതിരോധിക്കാൻ കണ്ണീർവാതകവും ജലപീരങ്കിലും ലാത്തിയും തോക്കുമായി അണിനിരന്ന ഡൽഹി പൊലീസിനെ മെരുക്കാൻ വിദ്യാർത്ഥികൾ പുറത്തെടുത്തത് 'ദേശസ്നേഹം'. നിരോധനാജ്ഞ ലംഘിച്ച് തെരുവിൽ ഇറങ്ങിയവരെ നേരിടാനെത്തിയ പൊലീസുകാരെ ദേശീയ ഗാനം ആലപിച്ച് 'അറ്റൻഷനിലാക്കുകയായിരുന്നു' പ്രതിഷേധക്കാർ. ദേശീയഗാനം കേട്ട് അറ്റൻഷനായി നിൽക്കുന്ന പൊലീസുകാരുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
'സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ', 'ഹം ഹോംഗെ കാമിയാൻ' തുടങ്ങിയ ഗാനങ്ങളും പ്രതിഷേധങ്ങളിൽ മുഴങ്ങിക്കേട്ടു.
പ്രതിഷേധത്തിനെത്തിയ മുസ്ളീം വിദ്യാർത്ഥികൾ ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് നിസ്‌കരിക്കുമ്പോൾ, അവർക്കു ചുറ്റും മറ്റ് മതങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങല തീർത്തതിന്റെ വീഡിയോയും വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു.
കഴിഞ്ഞദിവസം ജന്തർമന്ദിറിൽ ചുവന്ന റോസാ പൂക്കളുമായെത്തിയ വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് മുന്നിൽ നിസംഗരായിനിൽക്കുന്ന പൊലീസ്,അർദ്ധ സൈനിക വിഭാഗങ്ങളുടെ വീഡിയോ വൈറലായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർക്ക് വാഴപ്പഴവും ചെറുകടിയും വിതരണം ചെയ്ത പൊലീസുകാരുമുണ്ട്. ബവാനയിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു സംഭവം.
ബംഗളൂരു ടൗൺഹാളിന് മുന്നിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കമ്മീഷണർ ചേതൻസിംഗ് റാത്തോഡ് ദേശീയഗാനം ആലപിച്ചതും വൈറലായിരുന്നു. ചേതനൊപ്പം ദേശീയഗാനം പാടിയ പ്രതിഷേധക്കാർ പിന്നീട് സമാധാനപരമായി പിരിഞ്ഞുപോയി.