delhi-

ന്യൂഡൽഹി : പൗരത്വഭേദഗതിക്കെതിരായ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങുന്നു. ഡൽഹി ഗേറ്റിൽ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. സമരത്തിൽ പങ്കെടുത്തവർ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. തുടർന്ന് സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.. ലാത്തിച്ചാ‌ർജും നടത്തി..

ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് പ്രതിഷേധം തുടങ്ങുന്നത്. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. ആരാധനക്കായി പള്ളിയിലെത്തിയവർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പുറത്തേക്കിറങ്ങി. ദേശീയ പതാക വീശിയും ഭരണഘടന ഉയർത്തിക്കാട്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു. പ്രതിഷേധക്കാരിൽ ഒരു വിഭാഗം റോഡിലൂടെ മുദ്രാവാക്യം മുഴക്കി നീങ്ങി. രണ്ടാം നമ്പർ ഗേറ്റിലൂടെയും പ്രതിഷേധക്കാർ എത്തുകയെന്ന വിലയിരുത്തലിൽ പോലീസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.എന്നാൽ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഒന്നാം നമ്പർ ഗേറ്റിലൂടെ പ്രതിഷേധക്കാർ പുറത്തേക്ക് വരികയായിരിന്നു.

ഡൽഹിയിലെ സീലംപുരിലും അക്രമങ്ങൾനടന്നു. നൂറുകണക്കിന് ആളുകൾ ചേർന്ന് നടത്തിയ പ്രതിഷേധ റാലി അക്രമാസക്തമായി. കല്ലേറിൽ എ.സി.പിക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ജന്തർ മന്ദിറിലും പ്രതിഷേധം. സേലംപൂർ, മുസ്തഫാബാദ്, ബജൻപുര തുടങ്ങിയ സ്ഥലങ്ങിൽ നിന്നുള്ള ആളുകൾ റാലിയായി ജന്തർ മന്ദിറിലേക്ക് എത്തുകയാണ്. ജമാ മസ്ജിദ് രണ്ടാം ഗേറ്റിന് സമീപമുള്ള റോഡിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റിയാണ് പ്രതിഷേധക്കാർ ജന്തർ മന്ദിറിലേക്ക് മാർച്ച് നടത്തുന്നത്.