ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമഭേദഗതിയിൽ കൂടുതൽ വിദഗ്ദ്ധോപദേശം സ്വീകരിച്ച ശേഷം മാത്രം നിയമഭേദഗതി നടപ്പാക്കാനുള്ള വിജ്ഞാപനം പുറത്തിറാക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
രാജ്യമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റർ അസാമിലേതിന് സമാനമായിരിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന.
പ്രതിഷേധക്കാരുടെ പ്രതിനിധികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണെങ്കിലും നിയമ ഭേദഗതി പിൻവലിക്കാൻ ഒരുക്കമല്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് സർക്കാർ. നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ജനുവരി 22ന് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാനുള്ള വിജ്ഞാപനം വിശദമായ ചർച്ചകളിലൂടെ മതിയെന്നാണ് സർക്കാർ നിലപാട്. നിയമ ഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളായ മുസ്‍ലിം ഇതര വിഭാഗത്തിലെ അഭയാർത്ഥികൾക്ക് പൗരത്വം നൽകാനാണ് 1955 ലെ നിയമത്തിൽ മാറ്റം കൊണ്ടുവന്നത്.