ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിയാർജിച്ച് വരികെയാണ്. അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല പ്രതിഷേധത്തിനിടെ നിരവധി പൊലീസുകാർക്കും ജനങ്ങൾക്കും പരിക്കേറ്റു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാരുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് ആകുലനാകുകയാണ് മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ.
ഗുജറാത്തിലെ അഹമ്മദാബാദിൽ പൊലീസുകാരെ ആക്രമിച്ച പ്രതിഷേധക്കാർക്ക് നേരെയാണ് ഗംഭീർ രോഷപ്രകടനം നടത്തിയത്. ആക്രമണത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഗംഭീർ രംഗത്തെത്തിയത്. മനുഷ്യാവകാശ പോരാളികളും ബോളിവുഡിലെ ശ്രദ്ധയാകർഷിക്കാന്‍ കഷ്ടപ്പെടുന്നവരും കപട ലിബറൽ മാധ്യമപ്രവർത്തകരും ഐക്യരാഷ്ട്രസഭയിൽ പോയി പൊലീസുകാർക്ക് മനുഷ്യാവകാശമുണ്ടോ ഇല്ലയോ എന്നൊരു റഫറണ്ടം തേടണമെന്നാണ് ഗംഭീർ പറയുന്നത്.
പൊലീസുകാരെ ക്രൂരമായി വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ആണ് ഗംഭീർ പങ്കുവച്ചത്. കോൺഗ്രസ് കോർപ്പറേറ്റർ ഷെഹ്‌സാദ് ഖാൻ പത്താനെ കസ്റ്റഡിയിലെടുത്ത ശേഷം ആക്രമണം നടത്താൻ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതിഷേധക്കാരെ ഓടിക്കാൻ എത്തുന്ന പൊലീസുകാർ അവിടെ ഒറ്റപ്പെട്ടു പോകുന്നു. തുടർന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാർ അവരെ മാരകമായ കല്ലെറിയുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഇരുപത്തിയാറിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് കല്ലേറിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
I think all human rights warriors, bollywood attention seekers and pseudo liberal journalists have gone to the UN to seek a referendum on whether policemen have human rights or not. Sick! #Gujrat #Lucknow #Delhi@MamataOfficial @ArvindKejriwal pic.twitter.com/IbzZAsx7DS
— Gautam Gambhir (@GautamGambhir) December 20, 2019