thomas-chandy

തിരുവനന്തപുരം: മുൻമന്ത്രിയും കുട്ടനാട് എം. എൽ.എയുമായ എൻ.സി. പി. നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭാംഗമെന്ന നിലയിൽ കുട്ടനാട് മേഖലയുടെ വികസനത്തിന് അദ്ദേഹം ചെയ്ത കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജനമനസ്സിൽ സ്ഥാനം നേടാൻ തോമസ് ചാണ്ടിക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ തോമസ് ചാണ്ടിയുടെ ഭരണനൈപുണ്യവും സംസ്ഥാനത്തിന് നൽകിയ സംഭാവനകളും എന്നും ഓർമ്മിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. തോമസ് ചാണ്ടിയുടെ വേർപാട് കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ തോമസ് ചാണ്ടി രാഷ്ട്രീയത്തിനൊപ്പം വ്യവസായമേഖലയിലും സജീവമായി നിലകൊണ്ടുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം അനുസ്മരിച്ചു.

തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി എ കെ ബാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രതിസന്ധികളിൽ തളരാത്ത നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

കുട്ടനാടിന്റെ വികസനത്തിന് തോമസ് ചാണ്ടി നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം സൂക്ഷിച്ച സഹൃദയനായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല അനുസ്മരിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ മറ്റു പലരും അവസരവാദപരമായ നിലപാട് സ്വീകരിച്ചപ്പോൾ ഇടതു മുന്നണിക്കൊപ്പം ഉറച്ചുനിൽക്കുകയും അതിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു തോമസ്ചാണ്ടിയെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അനുസ്മരിച്ചു.

എല്ലാവരെയും സ്‌നേഹിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്ത പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ അനുശോചനം രേഖപ്പെടുത്തി. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അനുശോചനം പ്രകടിപ്പിച്ചു.