ന്യൂഡൽഹി: മാനേജ്‌മെന്റ് തലപ്പത്ത് വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ്. 2020 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന സുപ്രധാന മാറ്റങ്ങളാണ് ഗവേണൻസ് - നോമിനേഷൻ - റെമ്യൂണറേഷൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇന്നലെ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗം പ്രഖ്യാപിച്ചത്. അടുത്ത ഏപ്രിൽ ഒന്നിനാണ് കമ്പനിയുടെ വാർഷിക പൊതുയോഗം (എ.ജി.എം) ചേരുന്നത്. സെബിയുടെ മാർഗനിർദേശങ്ങൾ കൂടി പാലിച്ചാണ് തലപ്പത്തെ ഈ മാറ്റങ്ങൾ.
നിലവിൽ ചെയർമാനായ ആനന്ദ് മഹീന്ദ്ര ആ പദവി ഒഴിഞ്ഞ്, 2020 ഏപ്രിൽ ഒന്നുമുതൽ നോൺ - എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേൽക്കും. മാനേജിംഗ് ഡയറക്‌ടറായ ഡോ.പവൻ ഗോയങ്ക, ഏപ്രിൽ ഒന്നുമുതൽ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ ആകും. 2021 ഏപ്രിൽ ഒന്നിന് അദ്ദേഹം വിരമിക്കും. ഉപസ്ഥാപനമായ സാംഗ്യോംഗ് മോട്ടോഴ്‌സിന്റെ ചുമതല വിരമിക്കുംവരെ ഗോയങ്ക വഹിക്കും.
നിലവിൽ ഗ്രൂപ്പിന്റെ പ്രസിഡന്റായ (സ്‌ട്രാറ്റജി) അനീഷ് ഷാ, 2020 ഏപ്രിൽ ഒന്നുമുതൽ 2021 ഏപ്രിൽ ഒന്നുവരെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ) പദവി വഹിക്കും. നിലവിൽ സി.എഫ്.ഒയായ വി.എസ്. പാർത്ഥസാരിഥിക്ക് മൊബിലിറ്റി സർവീസ് സെക്‌ടറിന്റെ നേതൃപദവി ലഭിക്കും. അഡിഷണൽ ഡയറക്‌ടർ സ്ഥാനവും അനീഷ് ഷായ്ക്ക് ലഭിക്കും. 2021 ഏപ്രിൽ രണ്ടിന് അദ്ദേഹം പവൻ ഗോയങ്കയുടെ പിൻഗാമിയായി മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ സ്ഥാനത്തെത്തും.
ഫാം എക്വിപ്‌മെന്റ് വിഭാഗം പ്രസിഡന്റായ രാജേഷ് ജെജൂരീക്കർ, സി.പി. ഗുർനാനി എന്നിവർക്ക് അഡിഷണൽ ഡയറക്‌ടർ സ്ഥാനം ലഭിക്കും. നോൺ - എക്‌സിക്യൂട്ടീവ്, നോൺ-ഇൻഡിപെൻഡന്റ് ഡയറക്‌ടറായിരിക്കും ഗുർനാനി. എക്സിക്യൂട്ടീവ് ഡയറക്‌ടർ പദവിയാണ് ജെജൂരീക്കറിനെ കാത്തിരിക്കുന്നത്.