ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഉത്തർപ്രദേശിൽ 6 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചതായി എൻ.ഡി.ടി.വിയാണ് റിപ്പോർട്ട് ചെയ്തത്. യു.പിയിലെ ബിജ്‌നോറിൽ നിന്ന് രണ്ട് പ്രതിഷേധക്കാരും സാംബാൽ, ഫിറോസാബാദ്, മീററ്റ്, കാൺപൂർ എന്നിവിടങ്ങളിലായി നാല് പേരുമാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിനെ തുടർന്നല്ല മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരു ബുള്ളറ്റ് പോലും തങ്ങൾ പ്രയോഗിച്ചിട്ടില്ല. 'ഞങ്ങൾ ആരെയും വെടിവച്ചില്ല. എന്തെങ്കിലും വെടിവെപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നാണെന്നും പൊലീസ് പറഞ്ഞു.
അതസമയം ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങുന്നു. ഡൽഹി ഗേറ്റിൽ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. സമരത്തിൽ പങ്കെടുത്തവർ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. തുടർന്ന് സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.. ലാത്തിച്ചാർജും നടത്തി..
ഡൽഹി ജുമാമസ്ജിദിന് മുന്നിൽനിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പള്ളിക്ക് മുന്നിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രക്ഷോഭകർക്കൊപ്പം ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും ചേർന്നു. ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് പ്രതിഷേധം തുടങ്ങുന്നത്. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. ആരാധനക്കായി പള്ളിയിലെത്തിയവർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പുറത്തേക്കിറങ്ങി. ദേശീയ പതാക വീശിയും ഭരണഘടന ഉയർത്തിക്കാട്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു. പ്രതിഷേധക്കാരിൽ ഒരു വിഭാഗം റോഡിലൂടെ മുദ്രാവാക്യം മുഴക്കി നീങ്ങി. രണ്ടാം നമ്പർ ഗേറ്റിലൂടെയും പ്രതിഷേധക്കാർ എത്തുകയെന്ന വിലയിരുത്തലിൽ പോലീസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.എന്നാൽ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഒന്നാം നമ്പർ ഗേറ്റിലൂടെ പ്രതിഷേധക്കാർ പുറത്തേക്ക് വരികയായിരിന്നു.