ന്യൂഡൽഹി : ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - ജെ.എം.എം സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യാ ടുഡേയും ആക്സിസ് മൈ ഇന്ത്യയും ചേർന്ന് നടത്തിയ എക്സിറ്റ് പോളാണ് ബി.ജെ.പി ഭരിക്കുന്ന ജാർഖണ്ഡിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. അതേസമയം സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയായിരിക്കുമെന്നാമ് സീ വോട്ടർ സർവേ പറയുന്നത്.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 38 മുതൽ അൻപത് വരെ സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തുകയെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നു. അതേസമയം ബി.ജെ.പി 32 സീറ്റുകളും കോണ്‍ഗ്രസ് -ജെ.എം.എം സഖ്യം 35 സീറ്റുകളും നേടുമെന്നാണ് സീ വോട്ടർ സർവേയിൽ പറയുന്നത്. പ്രാദേശിക മാദ്ധ്യമമായ കാഷിഷ് ന്യൂസ് പുറത്തു വിട്ട സർവേയിൽ കോൺഗ്രസ്-ജെ.എം.എം സഖ്യം 37 മുതൽ 49 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബി.ജെ.പി 25 മുതൽ 35 വരെ സീറ്റുകളും മറ്റുള്ളവർക്ക് നാല് മുതല്‍ എട്ട് വരെ സീറ്റുകളും ലഭിക്കാം.
ജാർഖണ്ഡിൽ നിലവിൽ 43 സീറ്റുള്ള ബി.ജെ.പിയും എട്ട് സീറ്റുള്ള ജാർഖണ്ഡ് വികാസ് മോർച്ചയും ചേർന്നുള്ള സഖ്യമാണ് ഭരിക്കുന്നത്.