ബംഗളൂരു: പൗരത്വപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
'നിങ്ങൾ (സംസ്ഥാനം) എല്ലാ പ്രതിഷേധവും നിരോധിക്കാൻ പോവുകയാണോ? കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് മുമ്പ് അനുവദിച്ച അനുമതി നിങ്ങൾക്ക് എങ്ങനെ റദ്ദാക്കാനാകും?' - ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക ചോദിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരായ ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ബംഗളൂരുവിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും 19 മുതൽ 21 വരെയാണ് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിന്റെ നിയമസാധുത പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
'എല്ലാ പ്രതിഷേധവും അക്രമാസക്തമാകുമെന്ന അനുമാനത്തിൽ ഭരണകൂടത്തിന് തുടരാനാകുമോ? സർക്കാരിന്റെ ഏതെങ്കിലും തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിൽ ഒരു എഴുത്തുകാരനോ കലാകാരനോ സമാധാനപരമായ പ്രതിഷേധം നടത്താൻ കഴിയില്ലേ, പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറും എന്ന് നിങ്ങൾ എങ്ങനെ അനുമാനിക്കുന്നു '- ചീഫ് ജസ്റ്റിസ് ചോദിച്ചു.
രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അക്രമം ഉണ്ടാകുന്നത് ഒഴിവാക്കാനായാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്നുമായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണിതെന്നായിരുന്നു കോടതി മറുപടി.
ഹർജിയിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് കോടതി പറഞ്ഞു. പ്രതിഷേധങ്ങൾക്ക് ആരെങ്കിലും അനുമതി തേടിയാൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കോടതി സർക്കാരിനോട് വാക്കാൽ നിർദ്ദേശിച്ചു.