മംഗലുരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. മാദ്ധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനാണെന്നാണ് യെദ്യൂരപ്പയുടെ വിശദീകരണം. സത്യാവസ്ഥ ബോദ്ധ്യമായപ്പോൾ മാദ്ധ്യമ പ്രവർത്തകരെ വിട്ടയച്ചെന്നും ചിലരുടെ കൈയിൽ മതിയായ രേഖയുണ്ടായിരുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കർണാടകത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട്ടിംഗിനെത്തിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കാമറയടക്കമുള്ളവ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെൻലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്ന മാദ്ധ്യമ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.