ജംഷീർ എന്ന ചെറുപ്പക്കാരനിൽ നിന്ന് അജ്ഞലിയായി മാറിയത് വരെയുള്ള കാലഘട്ടത്തെ ഓർമ്മിപ്പിച്ച് നടി അഞ്ജലി അമീറിന്റെ വീഡിയോ. ഇപ്പോഴിതാ തന്റെ ജീവിതയാത്രയിലെ രൂപമാറ്റങ്ങൾ ഒരു ഫോട്ടോയിൽ പകർത്തിയിരിക്കുകയാണ് താരം. ജംഷീറിൽ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്.
ജംഷീറിൽ നിന്നും എങ്ങനെയാണ് അഞ്ജലിയിലേക്ക് എത്തിയതെന്നും അതിന് നിമിത്തമായ വ്യക്തിയെ പറ്റിയും അഞ്ജലി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയം തന്നെ താൻ പെണ്ണാണ് എന്ന് അറിയാമായിരുന്നതായും, ഏഴാം ക്ലാസിൽ പഠിക്കുന്നതു വരെ പെൺകുട്ടികളുടെ ടോയ്‌ലെറ്റ് ആയിരുന്നു താൻ ഉപയോഗിച്ചിരുന്നതെന്നും അഞ്ജലി വ്യക്തമാക്കി.
കോഴിക്കോട് താമരശ്ശേരിയിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് അഞ്ജലി ജനിച്ചത്. ഉമ്മ ചെറുപ്പത്തിലെ മരിച്ച അഞ്ജലി പത്താം ക്ലാസ്സ് പാസായതോടെയാണ് തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിയുന്നത്. കുടുംബാംഗങ്ങൾക്കൊക്കെ എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അപമാനങ്ങൾ സഹിക്കാന്‍ കഴിയാതെ പതിനെട്ടാം വയസിൽ നാടുവിട്ടതാണ് ഞാൻ. കോയമ്പത്തൂരിലെയും ബാംഗ്ലൂരിലെയും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികൾക്കൊപ്പമാണ് ഞാൻ പിന്നീട് കുറേകാലം ജീവിച്ചത്,” ഒരു അഭിമുഖത്തിൽ തന്റെ അനുഭവങ്ങൾ അഞ്ജലി തുറന്നു പറഞ്ഞതിങ്ങനെ.
അഞ്ജലിയുടെ ജീവിതം അഭ്രപാളികളിലും ആവിഷ്കരിക്കപ്പെടുകയാണ്. അഞ്ജലി കടന്നുവന്ന ജീവിതം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തായ ഡെനി ജോർജ്. ഗോൾഡൻ ട്രംപ്റ്ററ്റിന്റെ ബാനറിൽ അനിൽ നമ്പ്യാർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വി.കെ..അജിത്കുമാർ ആണ്.