ന്യൂഡൽഹി: പൗരത്വ നിയമത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദേശ വിരുദ്ധമായ വാർത്തകൾ നൽകരുതന്ന് ചാനലുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. അക്രമത്തിന് പ്രേരിപ്പിക്കാൻ സാദ്ധ്യതയുള്ളതോ ദേശ വിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വാർത്താ ചാനലുകളോട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ആവശ്യപ്പെട്ടു.
10 ദിവസത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് നിർദശം നൽകുന്നത്. അക്രമ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസൻസിങ് ചട്ടങ്ങൾക്കു വിരുദ്ധമാണ്. ഇത് പാലിച്ചുകൊണ്ടുവേണം എല്ലാ സ്വകാര്യ ചാനലുകളും പ്രവർത്തിക്കേണ്ടത്. വ്യക്തികളെയോ സമൂഹത്തെയോ അപമാനിക്കുന്ന വാർത്ത നൽകരുതെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.