
തിരുവനന്തപുരം: തലസ്ഥാനത്തിനുള്ള പുതുവത്സര സമ്മാനമായി സെക്രട്ടേറിയറ്റ്- തമ്പാനൂർ- കിഴക്കേകോട്ട ആകാശപാതയുടെ നിർമ്മാണം തുടങ്ങുന്നു. തലസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആകാശപാതയുടെ ഫിനാൻഷ്യൽ ബിഡ് ജനുവരി 13ന് തുറക്കും. ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലേതടക്കം ആറ് കമ്പനികളാണ് ആകാശപാതയ്ക്കായി രംഗത്തുള്ളത്. ഫിനാൻഷ്യൽ ബിഡ് പരിശോധിച്ച് ഒന്നരമാസത്തിനകം പാത നിർമ്മാണത്തിനുള്ള കമ്പനിയെ നിശ്ചയിക്കും. ഒരുവർഷത്തിനകം ആകാശപാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെയാവും കരാർ നൽകുക. ഫ്രഞ്ച് കമ്പനിയായ സ്റ്റൂപ്പ് അടക്കം ആറ് കമ്പനികളാണ് ആകാശപ്പാതയ്ക്കായി രംഗത്തുള്ളത്. ഇതിൽ രണ്ട് കമ്പനികൾ ഇന്ത്യയിൽ 35 സ്കൈവാക്കുകൾ പണിതവയാണ്. ആകാശപാത വരുന്നതോടെ നഗരത്തിലെ അപകടങ്ങൾ കാര്യമായി കുറയുമെന്നാണ് നാട്പാകിന്റെ റിപ്പോർട്ട്.
ആറ് കമ്പനികളും നാലുവീതം റൂട്ടുകളാണ് സർക്കാരിന് സമർപ്പിച്ചത്. ഇതിൽ സെക്രട്ടേറിയറ്റ് ഒന്നാം അനക്സിനും സെൻട്രൽ സ്റ്റേഡിയത്തിനും സമീപത്തുനിന്ന് തുടങ്ങി എം.ജി റോഡിലൂടെ തമ്പാനൂരിലും അവിടെ നിന്ന് റെയിൽവേ സ്റ്റേഷന് പിൻഭാഗത്തുകൂടി കിഴക്കേകോട്ടയിലും എത്തുന്ന തരത്തിലുള്ള അലൈൻമെന്റാണ് സർക്കാരിന് സ്വീകാര്യമായത്. സെൻട്രൽ റെയിൽവേ സ്റ്റേഷനു മുന്നിലൂടെ ലൈറ്റ്മെട്രോയ്ക്കായി വലിയ മേൽപ്പാലം വരുന്നുണ്ട്. അതിനു മുകളിലൂടെയാവും ആകാശപാത കടന്നുപോവുക. പൊന്നറശ്രീധർ പാർക്കിനു മുകളിൽ ആകാശപാതയ്ക്ക് റൗണ്ട് ഉണ്ടാവും. പഴവങ്ങാടി ക്ഷേത്രത്തിനടുത്ത് അടിപ്പാതയിൽ ആകാശപാതയുടെ ലാൻഡിംഗ് നടത്താമെന്ന് ചില കമ്പനികൾ നിർദ്ദേശം വച്ചെങ്കിലും വെള്ളക്കെട്ടുള്ള സ്ഥലമായതിനാൽ സർക്കാർ നിരസിച്ചു. പകരം, കിഴക്കേകോട്ടയിലെ പൈതൃക കെട്ടിടങ്ങളെ ബാധിക്കാതെ പുത്തരിക്കണ്ടം മൈതാനത്തിനു മുന്നിലായാവും ആകാശപാതയുടെ ലാൻഡിംഗ്. സെക്രട്ടേറിയറ്റിൽ നിന്ന് ഓവർബ്രിഡ്ജ് വരെയും അവിടെനിന്ന് കിഴക്കേകോട്ട വരെയും രണ്ട് സ്ട്രെച്ചുകളാവും ആകാശപാതയിലുണ്ടാവുക. എം.ജി റോഡിനു പകരം ഹൗസിംഗ് ബോർഡ് ജംഗ്ഷൻ വഴിയുള്ള അലൈൻമെന്റും ഒരു കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. ലൈറ്റ്മെട്രോയുടെ റൂട്ടും ഡിസൈനുമടക്കം കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാവും ആകാശപാത വരിക.
മുഖ്യമന്ത്രി പ്രഖ്യാപിച്ച വൻകിട പദ്ധതികളിൽപ്പെട്ടതും ഏറ്റവും മുൻഗണനയോടെ നടപ്പാക്കേണ്ടതുമായ പദ്ധതിയാണ് ആകാശപാത. സ്പോർട്സ് വകുപ്പിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് പദ്ധതിയേറ്റെടുത്ത് കെ.എസ്.ടി.പിക്ക് കൈമാറുകയായിരുന്നു. പദ്ധതിയുടെ പ്രീ-ബിഡ് യോഗം കഴിഞ്ഞയാഴ്ച നടത്തി. ജനുവരിയിൽ തന്നെ പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കും. കരാറായാൽ 12 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാവും.റോഡുകളുടെ മദ്ധ്യഭാഗത്ത് ഒരുമീറ്റർ വിസ്തൃതിയിലെ ഉരുക്കുതൂണുകളിലാവും ആകാശപാത ഉയരുക. വിമാനത്താവളങ്ങളുടെ നിർമ്മാണത്തിനുള്ള ആധുനിക സ്റ്റീൽ ഗ്ലൈഡിംഗുകൾ ഉപയോഗിച്ചാവും ആകാശപാത നിർമ്മിക്കുക. പ്രധാന ജംഗ്ഷനുകളിലടക്കം 12 സ്ഥലങ്ങളിൽ കയറാനും ഇറങ്ങാനും പടവുകളും എസ്കലേറ്ററുകളുമുണ്ടാവും. കാൽനട മാത്രമായതിനാൽ വൻ കോൺക്രീറ്റ് തൂണുകൾ ആവശ്യമില്ല. ഒരുമീറ്ററിൽ താഴെ വീതിയുള്ള ഉരുക്ക് തൂണുകളാവും ആകാശപാതയ്ക്കുണ്ടാവുക.
തിരക്കില്ലാത്ത സമയങ്ങളിൽ ആകാശപാതയിൽ ഫുഡ്കോർട്ട്, ഹിസ്റ്ററി ഷോ, പ്രദർശനങ്ങൾ എന്നിവയ്ക്ക് അനുമതി നൽകും. പരസ്യങ്ങൾ, ഡിസ്പ്ലേ ബോർഡുകൾ എന്നിവയിലൂടെയും വരുമാനമുണ്ടാക്കും. നഗരമദ്ധ്യത്തിലായതിനാൽ ആകാശപാതയിൽ വാണിജ്യസാദ്ധ്യതയുണ്ടെന്നാണ് പഠനറിപ്പോർട്ട്.
ആകാശപാതയുടെ ഉടമസ്ഥത സർക്കാരിനാണ്. അറ്റകുറ്റപ്പണിയും നടത്തിപ്പും സ്വകാര്യകമ്പനിക്ക് നൽകും. വരുമാനത്തിലെ വിഹിതം സർക്കാരിന് നൽകണം. ഓരോ 300 മീറ്ററിലും സുരക്ഷാ, വിശ്രമ കേന്ദ്രങ്ങളുണ്ടാവും. ടോയ്ലെറ്റ്, കുടിവെള്ളം, മാലിന്യസംഭരണി എന്നിവയുമുണ്ടാവും. രണ്ടുവശത്തേക്കുമായി 8 കിലോമീറ്റർ ദൂരമുള്ളതിനാൽ നഗരത്തിന്റെ ജോഗിംഗ് വേയായി ആകാശപാത മാറും.
പണം എവിടെ നിന്ന്
കിഫ്ബി ഫണ്ടുപയോഗിച്ച് ആകാശപാത പണിയാനാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ നഗരങ്ങളിലെ മലിനീകരണം കുറയ്ക്കാനുള്ള അന്താരാഷ്ട്ര സഹായമായ ഗ്ലോബൽ എൻവയൺമെന്റ് ഫണ്ട് (ജി.ഇ.എഫ്), നഗരവികസനത്തിനുള്ള ലോകബാങ്ക് സഹായം എന്നിവ ആകാശപാതയ്ക്ക് ലഭിക്കും. ജി.ഇ.എഫ് അംഗീകരിച്ചാൽ മുഴുവൻ പദ്ധതിചെലവും അവർ നൽകും. സ്വകാര്യനിക്ഷേപവും പരിഗണനയിലുണ്ട്. തിരിച്ചടവിനുള്ള മാർഗം കണ്ടെത്താനാണ് ഫുഡ്കോർട്ടുകളും മറ്റും അനുവദിക്കുന്നത്.
ചെലവ് ഇങ്ങനെ
300 കോടി- പൂർണമായി ശീതീകരിച്ചതാണെങ്കിൽ
230 കോടി- ഭാഗികമായി ശീതീകരിച്ചതാണെങ്കിൽ
150 കോടി- ശീതീകരിക്കേണ്ടതില്ലെങ്കിൽ
തലസ്ഥാനത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താതെയാവും ആകാശപാത പണിയുക. തലസ്ഥാനത്തിന്റെ ജോഗിംഗ് വേ ആയി ആകാശപാത മാറും. ഡോ.കെ.എം.എബ്രഹാം സി.ഇ.ഒ, കിഫ്ബി