തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതെന്താണെന്ന് പലർക്കുമറിയില്ല. കിഫ്ബിയുടെ പ്രവർത്തനക്കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് മൂന്നുദിവസത്തെ കിഫ്ബി പ്രോജക്ടുകളുടെ പ്രദർശനം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്. ഒരു വർഷത്തിനകം എല്ലാ ജില്ലകളിലും പ്രദർശനം നടത്തും.
കേരള നിർമ്മിതി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനം നാളെ സമാപിക്കും. ഇവിടെ എത്തുന്നവർക്ക് ഗ്രൗണ്ടിലെ പന്തലിന് പുറത്ത് ഒരു ബസ് കാണാം. ഇത് കിഫ്ബിയുടെ ഓട്ടോലാബ് ആണ്. റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം അളക്കാനുള്ള ഉപകരണങ്ങളാണ് ഈ ബസിലുള്ളത്. കേരളത്തിലെ റോഡ് നിർമ്മാണ മേഖലയിലെ പ്രധാന പ്രശ്നം ഗുണനിലവാരമാണ്. കോടികൾ ഉപയോഗിച്ച് നിർമ്മിക്കുകയും അറ്രകുറ്രപ്പണി നടത്തുകയും ചെയ്യുന്ന റോഡുകൾ പലപ്പോഴും പണം വാരാൻ മാത്രമുള്ള പദ്ധതികളായി മാറാറുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഗുണനിലവാരത്തിന് പ്രാമുഖ്യം നൽകുന്നതാണ് കിഫ്ബി പ്രോജക്ടുകളുടെ നിർമ്മാണരീതി.
വിദേശത്ത് നിന്നുൾപ്പെടെയുള്ള വായ്പയെടുത്ത് പ്രവർത്തിക്കുന്നതിനാൽ പണം നിക്ഷേപിക്കുന്നവരുടെ വിശ്വാസ്യത നേടുകയെന്നത് കിഫ്ബിക്ക് പ്രാധാന്യമുള്ളതാണ്. കേരളത്തിന്റെ വിശാലമായ ഭൂപടമാണ് പ്രദർശനത്തിലെ മറ്രൊരു കാഴ്ച. കിഫ്ബി പ്രോജക്ടുകളായ തീരദേശ റോഡും മലയോര റോഡും ഇതിൽ കാണാം. അതോടൊപ്പം സംസ്ഥാനത്തെ പ്രധാന കിഫ്ബി പ്രോജക്ടുകളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തലശേരിയിലെ മലബാർ കാൻസർ സെന്ററിന്റെ വികസനമാണ് കിഫ്ബിയുടെ മറ്രൊരു പ്രധാന പ്രോജക്ട്. കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഇതുപോലുള്ള സ്ഥാപനങ്ങളുടെ ആവശ്യകതയും വർദ്ധിക്കുകയാണ്. 79.26 കോടി രൂപയാണ് കാൻസർ സെന്ററിന് വേണ്ടി ചെലവിടുന്നത്. ഈ സ്ഥാപനത്തെ ഓങ്കോളജിയിലെ പോസ്റ്ര് ഗ്രാഡ്വേറ്ര് ഗവേഷണ കേന്ദ്രമാക്കി ഉയർത്തുകയാണ് ചെയ്യുന്നത്. അതുവഴി ഇവിടത്തെ കിടക്കകളുടെ എണ്ണം 219ൽ നിന്ന് 522 ആയി ഉയരും.
വികസന രംഗത്ത് കിഫ്ബി നടത്തുന്ന നിശബ്ദ വിപ്ലവത്തിന്റെ നേർക്കാഴ്ചകളാണ് മറ്രു പ്രദർശനങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഫ്രാൻസ് കഴിഞ്ഞാൽ ഇന്റർനെറ്ര് സൗകര്യം കൂടുതലുള്ള സ്ഥലമായി കേരളത്തെ മാറ്റുന്ന കെ. ഫോൺ പദ്ധതിയും കിഫ്ബിയുടെ പ്രധാന പദ്ധതികളിലൊന്നാണ്. 2 ലക്ഷം വീടുകളിൽ സൗജന്യമായി ഇന്റർനെറ്ര് കണക്ഷൻ, 33,000ലധികം സർക്കാർ സ്ഥാപനങ്ങളെ ഇന്റർനെറ്ര് വഴി ബന്ധിപ്പിക്കൽ തുടങ്ങിയ ബൃഹത്തായ പദ്ധതിയാണിത്. കിഫ്ബിയുടെ പ്രധാന പ്രോജക്ടുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള സംവിധാനവും പ്രദർശനത്തിൽ ഒരുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.