തിരുവനന്തപുരം: ഷോപ്പിംഗ് മാളും എ.സി വിശ്രമ മുറികളും ഇന്റർനെറ്റും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുമായി എയർപോർട്ട് മാതൃകയിൽ ഈഞ്ചയ്ക്കലിൽ ബസ് പോർട്ട് വരുന്നതോടെ തലസ്ഥാനത്തിന്റെ മുഖംതന്നെ മാറും. ബസ് പോർട്ട് പദ്ധതിയുടെ കരട് രേഖയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതോടെ തലസ്ഥാന നഗരത്തിന്റെ ഒരു വികസന സ്വപ്നം കൂടി യാഥാർത്ഥ്യത്തോട് അടുക്കുകയാണ്. പദ്ധതി പൂർത്തിയാകുമ്പോഴേക്കും തലസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ കേന്ദ്രമായി ഈഞ്ചയ്ക്കൽ മാറും.
ജനങ്ങൾ ആശ്രയിക്കുന്ന എല്ലാ പൊതു/ സ്വകാര്യ വാഹനങ്ങൾക്കും ഇവിടെ പ്രവേശനമുണ്ടാകും. കൂടാതെ റെയിൽവേ സ്റ്റേഷൻ, ജലപാത, വിമാനത്താവളം എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ട് സ്കൈവാക്കുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.
തീർത്ഥാടകരെയും ടൂറിസ്റ്റുകളെയും ലക്ഷ്യമിട്ട് ഷോപ്പുകളും വിനോദ സംവിധാനങ്ങളുമൊക്കെ ഉൾപ്പെടുന്ന സ്കൈവാക്കുകൾ നിർമ്മിക്കാനാണ് തീരുമാനം. ഈഞ്ചയ്ക്കലിൽ നിന്നു പേട്ട റെയിൽവേ സ്റ്റേഷൻ, ജലപാത കടന്നുപോകുന്ന വള്ളക്കടവ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കാണ് സ്കൈവാക്ക് നിർമ്മിക്കുക. വിശദമായ പദ്ധതിരേഖ തയ്യാറാക്കുമ്പോൾ മാത്രമേ ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവരൂ. ലഭിക്കുന്ന വിവരം അനുസരിച്ച് റോഡുകളുടെ വശത്ത് തൂണുകൾ നിർമ്മിച്ചാകും സ്കൈവാക്ക് നിർമ്മിക്കുക. സ്വകാര്യഭൂമി ഏറ്റെടുക്കാതെയാകും നിർമ്മാണം.
ഈഞ്ചയ്ക്കലിൽ ഇപ്പോൾ
പദ്ധതിക്കായി കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ ഭൂമിയാണ് വിട്ടു നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇപ്പോൾ ഈ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. നേരത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ചില വാഹനങ്ങൾ ഇവിടെ തുരുമ്പ് പിടിച്ച് കിടപ്പുണ്ട്.
ഈഞ്ചയ്ക്കലിന് നറുക്കുവീണു
ആഭ്യന്തര തീർത്ഥാടകരുടെ വരവിൽ വൻ വർദ്ധനയുണ്ടായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സാമീപ്യം എന്നിവ കണക്കിലെടുത്താണ് ബസ് പോർട്ട് പദ്ധതിക്കായി കേന്ദ്ര സർക്കാർ ഈഞ്ചയ്ക്കൽ തിരഞ്ഞെടുത്തത്. കോവളം അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം, ആഭ്യന്തര ടൂറിസ്റ്റ് കേന്ദ്രങ്ങളായ വേളി, ആക്കുളം, ശംഖുംമുഖം എന്നിവയുടെ സാമീപ്യവും ഈഞ്ചയ്ക്കലിന് സഹായകമായി. ആറുവരിയായി വികസിപ്പിക്കുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസിനോടു ചേർന്നാണ് പദ്ധതി നടപ്പിലാക്കാൻ കണ്ടെത്തിയ കെ.എസ്.ആർ.ടി.സി ഭൂമി എന്നതും പ്ളസ് പോയിന്റായി.
ഈഞ്ചയ്ക്കലിൽ നിന്നുള്ള ദൂരം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം 650 മീറ്റർ
കോവളം ടൂറിസ്റ്റ് കേന്ദ്രം 12.7 കി.മീ
വേളി ടൂറിസ്റ്റ് കേന്ദ്രം 8.9 കി.മീ
ആക്കുളം ടൂറിസ്റ്റ് വില്ലേജ് 9.8 കി.മീ
ഈഞ്ചയ്ക്കലിന് അന്ന് സംഭവിച്ചത്
ദീർഘദൂര സർവീസുകൾ തമ്പാനൂരിൽ നിന്നു മാറ്റി ഈഞ്ചയ്ക്കലിലേക്ക് മാറ്റുന്ന പദ്ധതി കഴിഞ്ഞ രണ്ട് സർക്കാരിന്റെയും പരിഗണനയിലുണ്ടായിരുന്നു.
താമ്പാനൂർ ജില്ലാതല ഓർഡിനറി സർവീസുകൾക്ക് മാത്രമായി ഉപയോഗിക്കാനും മറ്റുള്ള എല്ലാ സർവീസുകളും ഈഞ്ചയ്ക്കലിലേക്ക് മാറ്റാനുമായിരുന്നു പദ്ധതി. പലകാരണങ്ങളാൽ അതു നടക്കാതെ പോയി.
പിന്നീട് കെ.യു.ആർ.ടി.സി രൂപീകരിച്ചപ്പോൾ അതിന്റെ ആസ്ഥാനമാക്കാൻ നിശ്ചയിച്ചെങ്കിലും അതും നടന്നില്ല. തേവരയാണ് ആസ്ഥാമാക്കിയത്. ഒടുവിൽ ജൻറം ബസുകളുടെ പാർക്കിംഗ് കേന്ദ്രമായി മാത്രം ഈഞ്ചയ്ക്കൽ ശേഷിച്ചു. ഡിപ്പോയുടെ പദവിയിലായിരുന്നു ഈഞ്ചയ്ക്കൽ പ്രവർത്തിച്ചിരുന്നത്. ഈ ഡിപ്പോ നഷ്ടമാണെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ മേയിൽ പൂട്ടി.
പൂട്ടുമ്പോൾ 15 ബസുകളുടെ മേൽനോട്ടത്തിന് 11 ഉദ്യോഗസ്ഥരാണ് ഇവിടെ ഉണ്ടായിരുന്നത്. ബസുകളെയും ജീവനക്കാരെയും സിറ്റി ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിനു മാത്രമായി മൂന്നുലക്ഷം രൂപ നൽകണം. ഇത്രയും തുക ചെലവിട്ട് 15 ബസുകൾ ഈഞ്ചയ്ക്കലിൽ നിലനിറുത്തുന്നത് ലാഭകരമല്ലെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.