തിരുവനന്തപുരം: നക്ഷത്ര തിളക്കത്തിന്റെ പുലരികളാണ് ഡിസംബറിന്റെ ഓരോ ദിനവും. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ക്രിസ്മസ് ഇങ്ങെത്തി. വർണങ്ങൾ മിന്നിമറിയുന്ന നക്ഷത്രങ്ങളും ക്രിസ്മസ് അപ്പൂപ്പൻമാരും കൊതിയൂറുന്ന കേക്കുകളും വിപണി സ്വന്തമാക്കിക്കഴിഞ്ഞു. പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും നിറയുന്ന ക്രിസ്മസ് കാലത്തിന്റെ തിരക്കിലമർന്നുകഴിഞ്ഞു നാടും നഗരവും. ആ വിശേഷങ്ങളിലൂടെ...
താരകം കൺതുറന്നു...
നക്ഷത്രങ്ങളുടെ വിപണിയാണ് ക്രിസ്മസ് കാലത്ത് ആദ്യമുണരുന്നത്. ഡിസംബർ ഒന്നിനു തന്നെ വീടുകളിലും കടകളിലും ആരാധനാലയങ്ങളിലും നക്ഷത്രങ്ങൾ നിരന്നു. ഈ വർഷവുമുണ്ട് നക്ഷത്രവിപണിയിൽ പുത്തൻ താരങ്ങൾ. അഞ്ചു കാലുള്ള സാധാരണ നക്ഷത്രം മുതൽ കൂറ്റൻ വലിപ്പവും വ്യത്യസ്ത ആകൃതിയുമുള്ള നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്. എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിച്ച നക്ഷത്രങ്ങൾക്ക് തന്നെയാണ് ഇത്തവണയും ഡിമാൻഡ് കൂടുതൽ. 150 രൂപ മുതൽ വിലയാരംഭിക്കും.
10 രൂപയ്ക്ക് ലഭിക്കുന്ന കുഞ്ഞൻ നക്ഷത്രം മുതൽ 23 കാലുള്ള ഭീമൻമാർ വരെ ലഭ്യമാണ്. സിനിമാ പേരിലിറങ്ങുന്ന നക്ഷത്രങ്ങളാണ് മറ്റൊരാകർഷണം. 'മാമാങ്കം' നക്ഷത്രമാണ് ഈ വർഷത്തെ താരം. തുണി കൊണ്ട് തയ്യാറാക്കിയ വൃത്താകൃതിയിലുള്ള ഇവയ്ക്ക് 350 രൂപയാണ് വില. മുൻ വർഷങ്ങളിലെ ബാഹുബലി, ഒടിയൻ നക്ഷത്രങ്ങൾ ഇത്തവണയും വിപണിയിലുണ്ട്. പ്ലാസ്റ്റിക് നക്ഷത്രങ്ങളെ തള്ളിപ്പറഞ്ഞ് പേപ്പർ നക്ഷത്രങ്ങളെ സ്നേഹിച്ച് തുടങ്ങിയ കച്ചവടക്കാരും ആവശ്യക്കാരുമാണ് ഇത്തവണത്തെ ക്രിസ്മസ് വിപണി കാണുന്ന മറ്റൊരു നന്മ.
കാലിത്തൊഴുത്തിൽ പിറന്നവനേ....
പുല്ലും വൈക്കോലും കമ്പുമൊക്കെ ശേഖരിച്ച് കമ്പും പഞ്ഞി കൊണ്ട് മഞ്ഞുണ്ടാക്കി പുൽക്കൂട് നിർമിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. റെഡിമെയ്ഡ് പുൽക്കൂടുകൾ വർഷങ്ങൾക്ക് മുൻപേ മാർക്കറ്റ് കീഴടക്കിയതാണ്. വിപണിയിൽ റെഡിമെയ്ഡ് പുൽക്കൂടുകൾ നിറഞ്ഞു കഴിഞ്ഞു. തടി, ചൂരൽ, പ്ലൈവുഡ്, തെർമോകോൾ തുടങ്ങിയവയിൽ നിർമിച്ച പുൽക്കൂടുകളാണ് വിപണിയിലുള്ളത്. 1000 രൂപ മുതൽ 7000 രൂപ വരെയാണ് വില. വഴിയരികിൽ ലഭിക്കുന്ന പുൽക്കൂടുകൾക്ക് ഇതിലും അല്പംകൂടി വില കുറയും.
മണ്ണിലും ഫൈബറിലും പ്ലാസ്റ്റർ ഒഫ് പാരീസിലുമായി പുൽക്കൂട്ടിലെ രൂപങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ചെറിയ സെറ്റുകൾക്ക് 400 രൂപ മുതൽ വില ആരംഭിക്കും. വലിപ്പവും രൂപങ്ങളുടെ എണ്ണവും കൂടുന്നതിനനുസരിച്ച് വിലയും ഉയരും. പുൽക്കൂട് നിർമിക്കുന്ന അലങ്കാര വസ്തുക്കളുടെ വലിയ ശേഖരവും നഗരത്തിലെ കടകളിലും മാർക്കറ്റുകളിലും ഒരുങ്ങിയിട്ടുണ്ട്. മെഴുകുതിരിയുടെ രൂപത്തിലുള്ള പ്ലാസ്റ്റിക് ലൈറ്റുകൾക്ക് 20 മുതൽ 50 രൂപ വരെയാണ് വില.
ഒരുങ്ങി ക്രിസ്മസ് ട്രീയും
പച്ച നിറത്തിലും വെള്ള നിറത്തിലുമുള്ള ട്രീകളാണ് കൂടുതലും വിപണിയിലുള്ളത്. പഞ്ഞിയിൽ തീർത്ത വെള്ള ട്രീകളാണ് ഇത്തവണത്തെ ആകർഷണം. തീരെ ചെറിയ ട്രീകൾക്ക് 50 രൂപ. ഇടത്തരം ട്രീകൾക്ക് 600 രൂപ മുതൽ വിലയാരംഭിക്കും. നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളും അലങ്കാരത്തിലെ വ്യത്യാസവുമനുസരിച്ച് വിലയും മാറും. ചെറിയ എൽ.ഇ.ഡി. ബൾബുകളും നക്ഷത്രങ്ങളും സമ്മാനപ്പൊതികളും ഒക്കെക്കൊണ്ട് അലങ്കരിച്ച ട്രീകൾക്ക് വില അല്പം കൂടുതലാണ്. 10 രൂപ മുതൽ വിലയിൽ അലങ്കാര വസ്തുക്കളും ലഭിക്കും.
കേക്കുകളുടെ ക്രിസ്മസ്
ഏതൊക്കെ വ്യത്യസ്ത രുചികൾ വന്നാലും ക്രിസ്മസ് കാലത്ത് പ്ലം കേക്കിനോളം ഡിമാന്റ് വേറൊന്നിനുമില്ല. വിവിധ രുചികളിലും ചേരുവകളിലുമുള്ള പ്ലം കേക്കുകളുടെ വലിയ നിര തന്നെ ബേക്കറികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 75 രൂപ മുതലുള്ളവ തൊട്ട് 450 രൂപ വരെയുള്ള കേക്കുകളുണ്ട്. റിച്ച് പ്ലം, ഹണി നട്ട്, കോഫി നട്ട് തുടങ്ങിയവയ്ക്കും ആവശ്യക്കാരെറെയുണ്ട്.
ക്രീം കേക്കുകൾക്ക് 500 രൂപ മുതലാണ് വില. ഫോട്ടെയോടുകൂടിയ കേക്കുകൾക്കും ആവശ്യക്കാരേറെയുണ്ടെന്ന് കടയുടമകൾ സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ തന്നെ കേക്ക് നിർമിക്കുന്നവരുടെ എണ്ണവും കൂടി. മുട്ട ഉപയോഗിക്കാത്ത വെജിറ്റേറിയൻ കേക്കുകളും വിപണിയിലുണ്ട്.
ക്രിസ ്മസ് കാർഡുമുണ്ട് താരമായി
ഒരിടയ്ക്ക് പ്രതാപം മങ്ങിയ ക്രിസ്മസ് കാർഡുകൾക്കും ഇന്ന് നല്ലകാലമാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഇന്നും കാർഡുകളെ സ്നേഹിക്കുന്നുണ്ടെന്ന് തന്നെയാണ് വിപണി സൂചിപ്പിക്കുന്നത്. നഗരത്തിൽ പാളയം സാഫല്യം കോംപ്ലക്സിലും യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും പബ്ലിക് ലൈബ്രറി പരിസരത്തും കാർഡ് വില്പന പൊടിപൊടിക്കുന്നുണ്. പാട്ട് പാടുന്ന കാർഡുകൾ മുതൽ ത്രീഡി കാർഡുകൾ വരെ വിപണിയിലുണ്ട്. 5 രൂപ മുതലുള്ള കുഞ്ഞൻ കാർഡുകൾ മുതൽ 700 രൂപ വരെയുള്ള കാർഡുകൾക്ക് വരെ ആവശ്യക്കാരുണ്ട്.
ക്രിസ്മസ് അപ്പൂപ്പൻമാരും ഉഷാർ
ക്രിസ്മസ് അപ്പൂപ്പൻമാരായി വേഷം കെട്ടാൻ വേഷം തേടി നിരവധി പേരാണ് കടകളിൽ എത്തുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങളുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ വസ്ത്രങ്ങളുമുണ്ട്. സാധാരണ വസ്ത്രങ്ങൾക്ക് 300 രൂപ മുതൽ വിലയുണ്ട്. വെൽവെറ്റ് വസ്ത്രത്തിന് ആയിരം രൂപയ്ക്ക് മുകളിലെത്തും വില.
കാറ്റുനിറച്ച ക്രിസ്മസ് അപ്പൂപ്പൻമാരും, ബാറ്രറിയിൽ പ്രവർത്തിക്കുന്ന പാട്ടു പാടുന്ന അപ്പൂപ്പൻമാരും സജീവമാണ്. പപ്പാനിയുടെ രൂപം പതിപ്പിച്ച കുഷ്യനുകൾ, ബാൻഡുകൾ, ബാഗുകൾ തുടങ്ങിയവും വിപണിയിലെ താരങ്ങൾ തന്നെയാണ്. പപ്പാനിയുടെ മുഖംമൂടികൾ വിൽക്കാനായി അന്യസംസ്ഥാനത്തുനിന്നെത്തിയവരും ഈ ക്രിസ്മസിന്റെ നിറങ്ങളാണ്.