തിരുവനന്തപുരം : മനംകവരുന്ന പൂക്കളുടെ നിറക്കാഴ്ചകളൊരുക്കി വസന്തോത്സവം പുഷ്പമേളയ്ക്ക് ഇന്ന് കനകക്കുന്നിൽ തുടക്കമാകും. ജനുവരി മൂന്നുവരെയുള്ള രണ്ടാഴ്ച നഗരത്തിൽ വസന്തകാലം തീർക്കുന്ന പുഷ്പോത്സവം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വദേശത്തെയും വിദേശത്തെയും വ്യത്യസ്തങ്ങളായ പതിനായിരത്തിലധികം പൂക്കൾ മേളയിലെത്തും.
രാവിലെ പത്തുമുതൽ വൈകിട്ട് എട്ടുവരെ പ്രവേശനമുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. പുഷ്പമേളയോടൊപ്പം കാർഷിക പ്രദർശന മേള, ഔഷധ സസ്യ പ്രദർശനം, ഉത്പന്ന വിപണന മേള, ഗോത്ര പാരമ്പര്യ പ്രകൃതി ചികിത്സാ ക്യാമ്പ്, ഗോത്ര ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവയുമുണ്ട്. പൂർണമായും ഹരിതചട്ടം പാലിച്ചാണ് വസന്തോത്സവം സംഘടിപ്പിക്കുന്നത്. ഗവൺമെന്റ് സെക്രട്ടേറിയറ്റ്, മ്യൂസിയം, അഗ്രിക്കൾച്ചറൽ കോളേജ്, ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായ് സ്പേസ് സെന്റർ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വനഗവേഷണ കേന്ദ്രം, കിർത്താഡ്സ്, നിയമസഭാ മന്ദിരം, ഡിപ്പാർട്ട്മെന്റ് ഒഫ് ബോട്ടണി കേരള യൂണിവേഴ്സിറ്റി, പൂജപ്പുര ആയുർവേദ ഗവേഷണ കേന്ദ്രം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്സറികളും നിരവധി വ്യക്തികളും മേളയുടെ ഭാഗമാകും.
പൂന്തോട്ട നഗരിയായ ബാംഗ്ലൂരിൽ നിന്നു എത്തിച്ച 20,000 ത്തോളം ചെടികൾ
പുഷ്പങ്ങളിൽ തീർക്കുന്ന സബർമതി ആശ്രമവും ജഢായു പാർക്കും
ബോട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന ഓർക്കിഡ് ചെടികളുടെ പ്രദർശനം
ജലസസ്യങ്ങൾ, ടെറേറിയം എന്നിവയുടെ അപൂർവ കാഴ്ചകൾ