കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ ബി 6, എന്നിവ ധാരാളമുള്ള റാഗിക്ക് ആരോഗ്യപ്രതിസന്ധികൾ പരിഹരിക്കാനും ശരീരത്തിന് ഊർജവും ആരോഗ്യവും നല്കാനും സാധിക്കും. റാഗി ഉപയോഗിച്ച് തയാറാക്കുന്ന സൂപ്പിനും മേന്മകളേറെയുണ്ട്. ശരീരഭാരം കുറയ്ക്കുക, അസ്ഥിയുടെ ആരോഗ്യം മെച്ചപ്പെടുത്തുക, വിളർച്ച പരിഹരിക്കുക, പ്രമേഹം നിയന്ത്രിക്കുക, ദഹനം മെച്ചപ്പെടുത്തുക എന്നീ ഗുണങ്ങൾ റാഗി സൂപ്പിലൂടെ നേടാം.
തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തിൽ അൽപ്പം വെണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് നാല് കഷണം വെളുത്തുള്ളി, ഒരുതണ്ട് കറിവേപ്പില, പത്ത് ചെറിയഉള്ളി , അൽപ്പം മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക. ഇതിലേക്ക് ഒരു കാരറ്റ്, രണ്ട് ബീൻസ്, എന്നിവ ചേർത്ത് വഴറ്റുക. തുടർന്ന് രണ്ടുകപ്പ് വെള്ളം ചേർത്ത് പത്തുമിനിട്ട് തിളപ്പിച്ചെടുക്കുക. തീകുറച്ച് റാഗിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. രണ്ടുമിനിട്ട് ചെറുതീയിൽ വേവിച്ച ശേഷം ഉപയോഗിക്കാം.