മുംബയ്: കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പുമ്പോൾ വീണ്ടും പ്രതികരിച്ച് ബി.സി.സി.ഐ അദ്ധ്യക്ഷനും മുൻ ക്രിക്കറ്ററുമായ സൗരവ് ഗാംഗുലി. പ്രതിഷേധത്തിന്റെ രാഷ്ട്രീയ വശങ്ങളെ കുറിച്ച് സംസാരിക്കാൻ താനില്ലെന്നും താൻ പൗരത്വ ഭേദഗതി ബിൽ വേണ്ടവിധം വായിച്ചിട്ടില്ലെന്നുമായിരുന്നു ഗാംഗുലി പറഞ്ഞത്. മുൻപ് അദ്ദേഹത്തിന്റെ മകൾ സന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചപ്പോൾ ഗാംഗുലി അതിനെ എതിർത്തിരുന്നു. 18 വയസുകാരിയായ തന്റെ മകൾക്ക് ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള രാഷ്ട്രീയബോധം ഇല്ലെന്നും വിവാദങ്ങളിൽ നിന്നും അവളെ ഒഴിവാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.
'സമാധാനം നിലനിർത്തണം എന്നതാണ് എന്റെ അഭ്യർത്ഥന. നിയമം സംബന്ധിച്ചുള്ള രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ ഞാനില്ല; കാരണം സത്യത്തിൽ ഞാൻ പൗരത്വ ഭേദഗതി ബിൽ വായിച്ചിട്ടില്ല. അത് വായിക്കും മുൻപ് അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാണെന്ന് കരുതുന്നില്ല. പക്ഷേ പ്രതിഷേധിക്കുന്നവരോട് സമാധാനവും സാഹോദര്യവും നിലനിർത്താൻ ഞാൻ ആവശ്യപ്പെടുന്നു. നിയമം സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ അതുമായി ബന്ധപ്പെട്ട ആൾക്കാരുണ്ട്. എനിക്ക് എല്ലാവരുടെയും സന്തോഷമാണ് പ്രധാനം.' സൗരവ് ഗാംഗുലി പറയുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പൗരത്വത്തിന്റെ മാനദണ്ഡമായി മതം ഉൾപ്പെടുത്തിയ നിയമമാണ് പൗരത്വ ഭേദഗതി നിയമം. മുസ്ലീങ്ങൾ ഭൂരിപക്ഷമായ മൂന്ന് രാജ്യങ്ങളിലുള്ള മതപരമായ അതിക്രമം നേരിടുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യൻ പൗരത്വം നൽകാൻ സഹായിക്കുന്നതാണ് ഈ നിയമം എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. 2014 മുതൽ മതത്തിന്റെ പേരിലുള്ള പീഡനം കാരണം ഇന്ത്യയിലേക്ക് എത്തിപ്പെട്ടവർക്ക് വേണ്ടിയാണ് നിയമമെന്നും കേന്ദ്രം പറയുന്നു. എന്നാൽ രാജ്യത്തെ മുസ്ലീങ്ങളെ വിവേചനപരമായി കാണുന്നതാണ് ഈ നിയമമെന്നും അത് ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരാണെന്നും നിയമത്തിന്റെ വിമർശകർ വാദിക്കുന്നു.