bjop-minister

ബംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷ പരാമർശവുമായി കർണാടക ടൂറിസം മന്ത്രി. പ്രതിഷേധിക്കുന്നവരോട് ഭൂരിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കാൻ പാടില്ലെന്നും അങ്ങനെ ചെയ്തപ്പോൾ ഗോദ്ര‌യിൽ സംഭവിച്ചത് എന്താണെന്ന് ഓർക്കണമെന്നുമായിരുന്നു ടൂറിസം മന്ത്രി സി.ടി രവി പറഞ്ഞത്. കോൺഗ്രസ് നേതാവും എം.എൽ.യുമായ യു.ടി ഖാദറിനോടായിരുന്നു രവിയുടെ പരാമർശം. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ടുപേരെ കർണാടക പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യു.ടി ഖാദറാണ് ഉത്തരവാദി എന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

'അവരുടെ(ന്യൂനപക്ഷങ്ങൾ) ഈ മനസ്ഥിതി കൊണ്ടായിരുന്നു അവർ ഗോദ്ര‌യിലെ ട്രെയിനിന് തീയിട്ടത്. ഈ മനോനില കാരണമാണ് അവർ കർസേവകരെ തീവച്ച് കൊലപ്പെടുത്തിയത്. പക്ഷെ പ്രതികരണങ്ങളുടെ കാര്യം കണക്കിലെടുക്കുമ്പോൾ, ഗോദ്ര സംഭവം ഓർക്കുക.' ഇങ്ങനെയായിരുന്നു ബി.ജെ.പി മന്ത്രിയുടെ വാക്കുകൾ.ആളുകൾക്ക് രോഷം വന്നാൽ എന്താണ് സംഭവിക്കുകയെന്നും ഗോദ്ര സംഭവം ഓർക്കണമെന്നും രവി യു.ടി ഖാദറിനോടായി പറഞ്ഞു.

ഇന്നലെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ടുപേരെ കർണാടക പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ മംഗളൂരുവിലെ കോൺഗ്രസ് എം.എൽ.എയായ യു.ടി ഖാദറിന് 'നേരിട്ട് പങ്കുണ്ടെ'ന്നും അതിനാൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. പ്രതിഷേധങ്ങൾ രൂപക്ഷമായതിനെ തുടർന്ന് ഉത്തർ പ്രദേശിൽ മാത്രം ഇന്നലെ 11 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധങ്ങളിൽ ഒരു എട്ട് വയസുകാരനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.