തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. സംസ്ഥാന വ്യാപകമായി നടന്ന ജനമുന്നേറ്റ ജാഥകളിൽ വിവിധയിടങ്ങളിൽ സംഘർഷമുണ്ടായി. പത്തനംതിട്ട, എറണാകുളം,കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ മാർച്ചിനിടെ ഉന്തും തള്ളുമുണ്ടായി.
കാഞ്ഞങ്ങാട് കോൺഗ്രസ് നടത്തിയ പ്രതിഷേധമാർച്ച് പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. കെ.പി.സി.സി പ്രസിഡക്ഷന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതിനെതിരെ ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ജി.പി.ഒ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.