മംഗളൂരു: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ സി.പി.ഐ നേതാവ് ബിനോയ് വിശ്വസത്തെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കർഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ് വിശ്വമുൾപ്പെടെയുള്ള എട്ടുപേരെ കസ്റ്റഡിയിലെടുത്തത്.
കർഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സി.പി.ഐ വ്യക്തമാക്കിയിരുന്നു. ഇന്നലെ ട്രെയിൻ മാർഗം ബിനോയ് വിശ്വം മംഗളൂരുവിൽ എത്തിയിരുന്നു. കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രതിഷേധത്തിനായി കേരളത്തിൽ നിന്ന് പ്രവർത്തകരെ എത്തിക്കാൻ സാധിച്ചില്ല. അതിനാൽത്തന്നെ മംഗളൂരുവിൽ നിന്നുള്ള പ്രവർത്തകർക്കൊപ്പമെത്തിയാണ് ബിനോയ് വിശ്വം കർഫ്യൂ ലംഘിച്ചത്. മഹാത്മാ ഗാന്ധിയുടെയും അംബേദ്ക്കറുടെയും ചിത്രങ്ങളുമായിട്ടാണ് ഇവർ പ്രതിഷേധിക്കാൻ എത്തിയത്.