cab-

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ അക്രമാസക്തമായ പ്രതിഷേധം തുടരവേ ഉത്തർപ്രദേശിൽ ഇന്നലെ എട്ട് വയസുള്ള ഒരു ബാലൻ ഉൾപ്പെടെ ഒൻപത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ യുപിയിൽ മാത്രം മരണം 15 ആയി. മംഗളുരുവിൽ പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ട മൂന്ന് പേരും കൂടിയാകുമ്പോൾ ആകെ മരണം 18 ആയി.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഡൽഹി വഖഫ് ബോർഡ് അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിൽ മീററ്റ് ജില്ലയിൽ 5പേർ മരിച്ചു. കാൺപൂർ, ബിജ്‌നോർ ജില്ലകളിൽ 3പേർ വീതവും സംഭാലിലും ഫിറോസാബാദിലും ഒരാൾ വീതവുമാണ് മരിച്ചത്.

വാരണാസിയിൽ ജനക്കൂട്ടത്തെ പൊലീസ് ഓടിച്ചപ്പോഴുണ്ടായ തിക്കിലും തിരക്കിലുമാണ് എട്ട് വയസുകാരൻ മരിച്ചത്.

രാംപൂരിൽ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടിയതിൽ ഒരാൾ കൊല്ലപ്പെട്ടു.

ഇരുപതിലേറെ ജില്ലകളിലാണ് അക്രമം രൂക്ഷമായത്.

ലക്‌നൗ, അലിഗർ ജില്ലകൾ ശാന്തമായി.

മുസാഫർ നഗർ, സഹരൺപൂർ,​ അംറോഹ ജില്ലകളിൽ ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി.

മൊറാദാബാദിലും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

കാൺപൂരിൽ യത്തീംഖാന പൊലീസ് പോസ്റ്റിന് ജനക്കൂട്ടം തീയിട്ടു

ഇരുപത്തഞ്ചിലേറെ ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി.

ജാമിയ മിലിയയിലെ വിദ്യാർത്ഥികൾഉച്ചയ്‌ക്ക് ശേഷം പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. പഴയ ഡൽഹിയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. 58 പേർ അറസ്റ്റിലായി.

ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ട്രെയിനുകൾ തടയാൻ ശ്രമിച്ച ഇരുനൂറോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നിയമത്തെ അനുകൂലിച്ച് 1,100 പ്രമുഖർ

പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിലെ 1,100 ഗവേഷകരും വിദ്യാഭ്യാസ വിദഗ്ദ്ധരും പ്രമുഖരും പ്രസ്താവന ഇറക്കി. ജനങ്ങളും വിദ്യാർത്ഥികളും വർഗീയതയുടെയും അരാജകത്വത്തിന്റെയും ദുഷ്‌പ്രചാരണത്തിന്റെയും കെണിയിൽ വീഴരുതെന്ന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

ചന്ദ്രശേഖർ ആസാദ് തീഹാർ ജയിലിൽ

ഡൽഹിയിൽ ജുമാ മസ്ജിദിന് മുമ്പിൽ പ്രതിഷേധിച്ച ഉത്തർപ്രദേശിലെ ദളിത് നേതാവും ഭീം ആർമി അദ്ധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദ് അറസ്റ്റിലായി. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷ തള്ളിയ തീസ് ഹസാരി കോടതി ആസാദിനെ രണ്ടാഴ്‌ച ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് തീഹാർ ജയിലിലേക്ക് മാറ്റി.

ഡൽഹിയിലെ ദാരിയഗഞ്ച് സംഘർഷത്തിൽ കസ്റ്റഡിയിൽ എടുത്ത ഒൻപത് കുട്ടികളെ വിട്ടയച്ചാൽ കീഴടങ്ങാമെന്ന് ആസാദ് നിബന്ധന വച്ചിരുന്നു. കുട്ടികളെ പൊലീസ് വിട്ടതോടെയാണ് അറസ്റ്റിന് വഴങ്ങിയത്.

പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ രാജ്ഘട്ടിൽ നേതാക്കൾ പ്രതിഷേധിക്കും. സോണിയാഗാന്ധിയും രാഹുലും പ്രിയങ്കയും ഉൾപ്പെടെ പങ്കെടുക്കും.