sajjanar

ഹൈദരാബാദ്: തെലങ്കാനയിൽ 26കാരിയായ വനിതാ മൃഗഡോക്ടറെ മാനഭംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ തെളിവെടുപ്പിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യാൻ തെലങ്കാന ഹൈക്കോടതിയുടെ നിർദേശം. വരുന്ന 23ന് നടക്കുന്ന രണ്ടാം പോസ്റ്റുമോർട്ടത്തിന്

ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഡയറക്ടറുടെ നേതൃത്വത്തിൽ മൂന്ന് ഫോറൻസിക് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം രൂപീകരിച്ച് മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തെലങ്കാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല.

ഡിസംബർ ആറാംതിയതി രാവിലെയാണ് പ്രതികളായ മുഹമ്മദ് ആരിഫ്, നവീൻ, ശിവ, ചെന്ന കേശവുലു എന്നിവർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ സംസ്ഥാന സർക്കാരിന് കീഴിലുള്ള ഗാന്ധി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കയാണ്. ഇവ അഴുകിത്തുടങ്ങിയതായി ഗാന്ധി ആശുപത്രി സൂപ്രണ്ട് ശ്രാവൺകുമാർ കോടതിയെ അറിയിച്ചു. ഇതേതുടർന്നാണ് 23ന് തന്നെ രണ്ടാം പോസ്റ്റുമോർട്ടം നടത്താൻ കോടതി നിർദ്ദേശിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് സമർപ്പിക്കണം.

കൊലപാതകത്തിൽ സുപ്രീംകോടതി ജുഡിഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നവംബർ 27നാണ് മൃഗഡോക്ടർ മാനഭംഗത്തിനിരയായത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിനു താഴെയിട്ട് കത്തിച്ചു. സംഭവം വിവാദമായതോടെ തെലങ്കാന പൊലീസിനെതിരെ വൻവിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെ എല്ലാ പ്രതികളും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.