ന്യൂഡൽഹി: രാജ്യത്താകമാനം കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ആളിപ്പടരുന്ന വേളയിൽ കോൺഗ്രസിനെ പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തിൽ കാണാത്തതെന്തെന്ന് ചോദിച്ച് നയാസൂത്രകനും പി.ആർ പ്രൊഫഷണലുമായ പ്രശാന്ത് കിഷോർ. രാജ്യത്തെ പൗരന്മാരെല്ലാം പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും അണിനിരക്കുന്ന വേളയിൽ കോൺഗ്രസും പാർട്ടി നേതാക്കളിൽ ഭൂരിഭാഗം പേരും അതിൽനിന്നും മാറിനിൽക്കുന്ന അവസ്ഥയാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. ട്വിറ്റർ വഴിയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
'കോൺഗ്രസിനെ തെരുവുകളിലൊന്നും കാണുന്നില്ല. പാർട്ടി നേതാക്കളും പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നടക്കുന്ന രാജ്യപൗരന്മാരുടെ പോരാട്ടത്തിൽ നിന്നും മാറിനിൽക്കുകയാണ്. ഈ നിയമത്തെ അംഗീകരിക്കാൻ തയ്യാറല്ലാത്ത രാജ്യത്തെ മുഖ്യമന്ത്രിമാരോടൊപ്പം പാർട്ടിയുടെ മുഖ്യമന്ത്രിമാരെയും അണിചേർക്കുകയെങ്കിലും കോൺഗ്രസ് ചെയ്യണം. അങ്ങനെയെല്ലെങ്കിൽ ഈ വാക്കുകൾക്ക് അർത്ഥമില്ലാത്ത പോകും.' കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അടിച്ചമർത്തിയ ഡൽഹി പൊലീസിനെതിരെ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് പ്രശാന്ത് കിഷോർ കുറിച്ചു.
എന്നാൽ പ്രശാന്ത് കിഷോറിന്റെ ഈ വിമർശനത്തിനെതിരെ പ്രതികരിച്ചുകൊണ്ട് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ലാവണ്യ ബല്ലാൽ രംഗത്ത് വന്നു. 2014ൽ പ്രധാനമന്ത്രി മോദിയെ അധികാരത്തിലെത്താൻ സഹായിച്ച പ്രശാന്ത് കിഷോറിന് ഇത്തരത്തിലൊരു വിമർശനം നടത്താൻ അവകാശമില്ലെന്നാണ് അവർ പറഞ്ഞത്. ബി.ജെ.പിക്കെതിരെ സംസാരിക്കാൻ പ്രശാന്തിന് നട്ടെല്ലില്ലെന്നും ലാവണ്യ പരിഹസിച്ചു.