pm-kisan

കൊച്ചി: കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പ്രധാനമന്ത്രി (പി.എം)​ കിസാൻ സമ്മാൻ നിധിയുടെ നേട്ടം കൊയ്‌തത് ഇതിനകം 8.45 കോടി പേർ. കഴിഞ്ഞ സാമ്പത്തിക വർഷാന്ത്യം,​ കേന്ദ്രസർക്കാരിൽ ധനമന്ത്രിയുടെ അധികച്ചുമതലയോടെ ബഡ്‌ജറ്റ് അവതരിപ്പിച്ച പീയുഷ് ഗോയലാണ് പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷത്തെ ഏക ഗഡുവായി, രണ്ടായിരം രൂപ നേടിയത് 7.94 കോടി കർഷകരാണ്.

നടപ്പുവർഷത്തെ ആദ്യ ഗഡു (ഓരോ ഗഡുവും 2,​000 രൂപ വീതമാണ്)​ 7.35 കോടി പേർക്കും രണ്ടാംഗഡു 5.81 കോടിപ്പേർക്കും മൂന്നുംഗഡു 2.73 കോടി പേർക്കും ലഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രണ്ട് ഹെക്‌ടറിൽ താഴെ കൃഷി ഭൂമിയുള്ള 12 കോടി ചെറുകിട-ഇടത്തരം കർഷകരായിരുന്നു യോഗ്യർ. വീണ്ടും അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം ഈ പദ്ധതിയുടെ ആനുകൂല്യം കൂടുതൽ കർഷകർക്ക് ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു. ഭൂപരിധി നിബന്ധന ഒഴിവാക്കിയതോടെ,​ ആനുകൂല്യത്തിന് അർഹരായ കർഷകരുടെ എണ്ണം 14.5 കോടിയായി ഉയർന്നു.

ഉത്തർ പ്രദേശിൽ നിന്നാണ് ഏറ്രവുമധികം പേർ പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. കഴിഞ്ഞവർഷത്തെ ഏക ഗഡുവായ 2,​000 രൂപ,​ ഉത്തർപ്രദേശിലെ 1.92 കോടി കർഷകരാണ് നേടിയത്. ആന്ധ്രപ്രദേശ്,​ ഗുജറാത്ത്,​ മഹാരാഷ്‌ട്ര,​ മദ്ധ്യപ്രദേശ്,​ രാജസ്ഥാൻ,​ തമിഴ്‌നാട്,​ തെലങ്കാന എന്നിവയാണ് യഥാക്രമം ഉത്തർപ്രദേശിന് തൊട്ടുപിന്നാലെയുള്ളത്. കേരളത്തിൽ നിന്ന് ആദ്യഘട്ട തുക നേടിയത് 27.76 ലക്ഷം പേരാണ്.

₹87,217 കോടി

പി.എം. കിസാൻ പദ്ധതിക്കായി മൊത്തം 75,000 കോടി രൂപയുടെ ചെലവാണ് കേന്ദ്രസർക്കാർ ആദ്യം വിലയിരുത്തിയത്. പദ്ധതിയുടെ പ്രയോജനം അധികമായി രണ്ടുകോടിയിലേറെ കർഷകർക്ക് കൂടി ലഭ്യമാക്കുന്നതോടെ നടപ്പുവർഷം ചെലവ് 87,217.50 കോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ.

ശരിക്കും സമ്മാനം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമ്പായാണ് പി.എം. കിസാൻ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. വോട്ടിലായിരുന്നു നോട്ടമെങ്കിലും,​ ഈ പദ്ധതി രാജ്യത്തെ 87 ശതമാനം കർഷകർക്കും ഗുണകരമാണെന്നാണ് നബാർഡിന്റെ വിലയിരുത്തൽ. നബാർഡിന്റെ സർവേ പ്രകാരം ഇന്ത്യയിലെ കർഷക കുടുംബങ്ങളുടെ പ്രതിവർഷ ശരാശരി സേവിംഗ്സ് 9,​657 രൂപയാണ്. കിസാൻ സമ്മാൻ നിധി പ്രകാരമുള്ള 6,​000 രൂപ ഇവർക്ക് വലിയ ആശ്വാസമാകും.