ലഹരിമരുന്നുകളും മയക്കുമരുന്നുകളും സാമൂഹിക ഭദ്രതയ്ക്കും വ്യക്തിജീവിത ഭദ്രതയ്ക്കും അപകടകരമായ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. ഈ വിപത്തിൽ നിന്നും നമുക്ക് മോചനം നേടണം. ഇതിനായി സംസ്ഥാനസർക്കാർ 'വിമുക്തി " എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. വിമുക്തിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ജനകീയ കാമ്പയിനിലൂടെ നമ്മുടെ പൊതുവിദ്യാലയ കാമ്പസുകളെയും ലഹരിമുക്തമാക്കണം.
മയക്കുമരുന്നുകൾ മയക്കുന്നവ മാത്രമല്ല, മനംമാറ്റമുണ്ടാക്കുന്ന മരുന്നുകളും കൂടിയാണ്. ഇവ വിഭ്രാന്തിജനകങ്ങളായ രാസവസ്തുക്കളാണ്. ഇവ അടുത്ത തലമുറകളെപ്പോലും ദോഷകരമായി സ്വാധീനിക്കും. മദ്യവും മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ഉപയോഗിക്കാത്ത കുട്ടികളായിരിക്കണം പൊതുവിദ്യാലയങ്ങളുടെ ശക്തി. അദ്ധ്യാപകരും മാതാപിതാക്കളും സ്വയം മാതൃകയായി ലഹരി, മയക്കുമരുന്ന് ഉപയോഗം തടയണം. എക്സൈസ്, പൊലീസ് സംവിധാനങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ട് സർക്കാർ നിങ്ങളോടൊപ്പമുണ്ടാകും.
മയക്കുമരുന്നെന്ന മനംമാറ്റ രാസവസ്തുക്കൾ പ്രധാനമായും ബാധിക്കുന്നത് മസ്തിഷ്കത്തെയാണ്. പതിനായിരം കോടി നാഡീകോശങ്ങൾ മസ്തിഷ്കത്തിലുണ്ട്. അനഭിലക്ഷണീയമായ തന്മാത്രകൾ മസ്തിഷ്കത്തിലെത്തുന്നത് തടയാൻ ശരീരത്തിൽ തന്നെ സംവിധാനമുണ്ട്. അതിനെ രക്തമസ്തിഷ്കപ്രതിബന്ധം എന്നു പറയും. മിക്കവാറും പദാർത്ഥങ്ങൾ ഇവിടെ തടയപ്പെടും. പക്ഷേ കൊഴുപ്പുമായി കലരുന്ന ചില ചെറിയ തന്മാത്രകൾക്ക് ഈ പ്രതിബന്ധത്തെ മറികടന്ന് മസ്തിഷ്കത്തിലെത്താനാവും. ഇവയ്ക്ക് 67 സെക്കൻഡിനുള്ളിൽത്തന്നെ മസ്തിഷ്കത്തിലേക്ക് ഇരച്ചുകയറാനുള്ള കഴിവുണ്ട്. അത്തരം തന്മാത്രകളാണ് ലഹരി, മയക്കുമരുന്നുകൾ. ഗാമാ ഹൈഡ്രോക്സിബ്യൂട്ടീറിക് ആസിഡ് എന്ന തന്മാത്ര വളരെയെളുപ്പം കേന്ദ്രനാഡീവ്യൂഹത്തിലെത്തുന്ന ഒന്നാണ്. കൂടിയ അളവിൽ നാഡീവ്യൂഹത്തിലെത്തിയാലുണ്ടാകുന്ന ബോധക്ഷയം കോമ സ്റ്റേജ് വരെ എത്തിയേക്കാം. ഇതുപോലെ എൽ.എസ്.ഡി. എന്ന ലൈസർജിക് ആസിഡ് ഡൈ ഈതൈൽ അമൈഡ് ഏറ്റവും അപകടകാരിയായ രാസവസ്തുവാണ്. വിഭ്രാന്തിയുളവാക്കി ശരീരത്തെ തളർത്തി മസ്തിഷ്കത്തെ തകർക്കുന്നതാണ് പ്രവർത്തനരീതി. മദ്യമാണെങ്കിൽ കരൾ, പാൻക്രിയാസ്, വൃക്ക, മസ്തിഷ്കം എന്നിവയെ ഗുരുതരമായി ബാധിക്കും.
ലഹരി, മയക്കു മരുന്നുകൾ മസ്തിഷ്കത്തിലെ ആയിരക്കണക്കിന് നാഡീകോശങ്ങളുടെ പ്രവർത്തനത്തിൽ ഗുരുതരവും അപകടകരവുമായ മാറ്റമുണ്ടാക്കാൻ കഴിയുന്ന തന്മാത്രകളാണ്. മയക്കം,മോഹാലസ്യം, അതിനിദ്ര എന്നിവയുണ്ടാകുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി അതിഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ഹൃദയത്തിന്റെ പ്രവർത്തനം ദ്രുതഗതിയിലാകും. കരളും ശ്വാസകോശവും പ്രധാന അവയവങ്ങളും രോഗാതുരമാകും. ശ്വസനത്തെയും കാഴ്ചയേയും നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവിനെയും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗങ്ങളെയും ഈ രാസവസ്തുക്കൾ ഗുരുതരമായി ബാധിക്കും. മരണം വരെ സംഭവിക്കാം.
നാല് ഘട്ടങ്ങളിലൂടെയാണ് ലഹരി, മയക്കുമരുന്ന് അടിമത്തത്തിലെത്തുക.
കഴിച്ചു നോക്കിയാലോ എന്ന പരീക്ഷണഘട്ടം
ഒരിക്കൽ കൂടി കഴിക്കാൻ ആഗ്രഹം.
ഉപയോഗിക്കാൻ അവസരം കാത്തിരിക്കുക.
ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. വിഭ്രാന്തി, അടിമത്തം.
നാലാം ഘട്ടമെത്തിയാൽ തിരിച്ചുവരവ് വളരെ ദുഷ്കരമാണ്. ജീവിതത്തിലും കുടുംബത്തിലും മാത്രമല്ല, സമൂഹത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
അതുകൊണ്ട് പരീക്ഷിക്കുകയേ അരുത്. പ്രലോഭനത്തിലും വീഴരുത്. പ്രതിരോധമാണ് നമ്മുടെ ശക്തി. സംശയം തോന്നുന്ന ഒരു വസ്തുവും ശരീരത്തിലെത്താൻ ഇടകൊടുക്കരുത്. മനസിന്റെ പ്രതിരോധശേഷിയാണ് ഏറ്റവും വലിയ രക്ഷാകവചം. മക്കളേ, നിങ്ങളീ രക്ഷാകവചം സ്വായത്തമാക്കണം. പ്രലോഭനങ്ങളിൽ വീഴാത്ത മഹാപ്രതിരോധ ശേഷിയുള്ളവരാകണം . ജീവിതത്തിലെ എ പ്ലസിലേക്കുള്ള വഴികളിലൊന്നാണിത്.
പ്രിയപ്പെട്ട മാതാപിതാക്കളെ, അദ്ധ്യാപകരെ, നിങ്ങൾക്കും ഇക്കാര്യത്തിൽ കടമകളുണ്ട്.
സ്വയം മാതൃകയാകണം. ലഹരി, മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് നെഞ്ചുയർത്തി പറയാൻ കഴിയണം. ലഹരിയോ മയക്കുമരുന്നോ ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരോട് ഉപയോഗിക്കരുതെന്ന് പറയാനുള്ള ധാർമ്മികത ഉണ്ടാവില്ല. വായന, കായികവിനോദം, കൂട്ടായ്മ, കലാസാംസ്കാരിക ഒത്തുചേരൽ തുടങ്ങിയ മേഖലകളിൽ വിഹരിക്കാൻ കുട്ടിക്ക് ധാരാളം അവസരങ്ങൾ നൽകി ആനന്ദകരമായ ജീവിതം നയിക്കാൻ വഴിയുണ്ടാക്കണം. ഇതിലൂടെ പ്രലോഭനത്തിന് അവസരമില്ലാതാക്കാനാകും. കുട്ടിക്ക് നിഷ്കളങ്കവും നിർമ്മലവുമായ സ്നേഹം സമൃദ്ധമായി ലഭിക്കുന്നുണ്ടെന്ന് അനുഭവവേദ്യമാക്കണം. എങ്കിൽ ഒരു കുട്ടിയും പ്രലോഭനങ്ങളിൽ വീഴില്ല. സ്വസ്ഥമായ ജീവിത സാഹചര്യങ്ങളിലൂടെ നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കണം. ആരെങ്കിലും പാൻ മസാലയടക്കം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരെ സ്നേഹത്തോടെ പിന്തിരിപ്പിക്കണം.
മയക്കുമരുന്നിനെതിരെ ജനപ്രതിനിധികൾ പൊലീസ്, എക്സൈസ്, വിദ്യാർത്ഥികൾ അദ്ധ്യാപകർ അനദ്ധ്യാപകർ തത്പരരായവർ എന്നിവരുടെ ഒരു കാമ്പസ് കമ്മിറ്റി രൂപീകരിച്ച് ജനകീയ പ്രതിരോധം വളർത്തിയെടുക്കുകയും അതിലൂടെ പൊതുവിദ്യാലയങ്ങളെ ലഹരിമുക്തമാക്കി ശക്തിപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.