കോതമംഗലം : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയെ സന്ദർശിച്ചു. കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലായിരുന്നു സന്ദർശനം.
ശ്രേഷ്‌ഠ ബാവയെ താൻ എന്നും പ്രാർത്ഥനകളിൽ ഓർക്കാറുണ്ടെന്നും 92-ാം വയസിലും ശ്രേഷ്ഠ ബാവയുടെ മുഖത്ത് കാണുന്ന ശോഭ അത്യുന്നതങ്ങളിലെ ദൈവത്തിൽ നിന്നുള്ളതാണെന്നും യൂസഫലി പറഞ്ഞു. ക്രിസ്മസ് കേക്ക് മുറിച്ച് മധുരം പങ്കുവച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മദ്ധ്യപൂർവ ദേശത്ത് സുറിയാനി സഭയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് യൂസഫലിക്ക് നേരത്തേ കമാൻഡർ പദവി നൽകി ആദരിച്ചിരുന്നു.