mahathir

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ മലേഷ്യൻ പ്രധാനമന്ത്രിക്കെതിരെ ഇന്ത്യ. മലേഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി,​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. മലേഷ്യൻ പ്രധാന മന്ത്രി മഹാതീർ മുഹമ്മദിന്റെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ മലേഷ്യ ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മലേഷ്യയിൽ നടന്ന ക്വാലാലംപൂർ ഉച്ചകോടിക്കിടെയാണ് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് പൗരത്വ നിയമത്തിനെതിരെ സംസാരിച്ചത്.

'ഈ നിയമത്തിന്റെ ആവശ്യമെന്താണ്. 70 വർഷത്തിലധികമായി ഇന്ത്യക്കാർ ഐക്യത്തോടെ ജീവിക്കുകയായിരുന്നു. മൂന്ന് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കാണ് പുതിയ നിയമം വഴി ഇന്ത്യ പൗരത്വം നൽകുന്നത്. എന്നാൽ ഇതിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിങ്ങളുടെ പൗരത്വത്തിനെതിരെ എടുക്കുന്ന നടപടി ഖേദകരമാണ്. നിയമത്തിനെതിരായ പ്രതിഷേധത്തിൽ ജനങ്ങൾ മരിച്ച് വീഴുകയാണ്. മലേഷ്യയിലാണ് ഈ നിയമം വരുന്നതെങ്കിൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാനാവില്ല. രാജ്യം അസ്ഥിരപ്പെട്ടുപോകും. എല്ലാവരും ദുരിതം അനുഭവിക്കും.'- മഹാതീർ മുഹമ്മദ് പറഞ്ഞു. നേരത്തെ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വേളയിലും മഹാതീർ കേന്ദ്രസർക്കാരിനെതിരെ പ്രതികരിച്ചിരുന്നു.

ഇതേതുടർന്നാണ് മലേഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന ധാരണയ്ക്ക് വിരുദ്ധമാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ പരാമർശമെന്ന് ഇന്ത്യ അറിയിച്ചു. ഇതുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര മര്യാദയ്ക്കും നയതന്ത്ര ബന്ധത്തിനും വിരുദ്ധമാണിത്. ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ദീർഘകാലവും തന്ത്രപരവുമായ വീക്ഷണം സ്വീകരിക്കാൻ മലേഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു.