കോഴിക്കോട് : പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു (73) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. 125-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.[1] നിരവധി ഡോക്യുമെന്ററികളുടെയും പരസ്യചിത്രങ്ങളുടെയും ഛായാഗ്രഹണവും നിർവ്വഹിച്ച അദ്ദേഹത്തിന് നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ദിലീപ് ചിത്രം പ്രൊഫ. ഡിങ്കൻ പൂർത്തിയാകാതെയാണ് രാമചന്ദ്രബാബു മടങ്ങുന്നത്. ഡിങ്കന്റെ ബ്രേക്കിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഈ ചിത്രത്തിന്റെ ലൊക്കേഷൻ കാണാനുള്ള യാത്രയിൽ കുഴഞ്ഞു വീണ് രാമച്ന്ദ്രബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
1972-ൽ പുറത്തിറങ്ങിയ ജോൺ എബ്രഹാമിന്റെ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയയാരുന്നു സിനിമാരംഗത്തെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു.
രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണചിത്രം ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യ 70 എം.എം. ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്. തച്ചോളി അമ്പുവിന്റെ നിർമ്മാതാക്കളായ നവോദയ നിർമ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താൽ 70mm-ലേക്ക് മാറ്റുകയായിരുന്നു