ന്യൂയോർക്ക്: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്രിന്റെ സി.ഇ.ഒയായി നിയമിതനായ ഇന്ത്യൻ വംശജൻ സുന്ദർ പിച്ചൈയെ കാത്തിരിക്കുന്നത് വമ്പൻ ശമ്പളം. അദ്ദേഹത്തെ കമ്പനി എല്‌പ്പിച്ച ലക്ഷ്യങ്ങൾ പൂർത്തിയാക്കിയാൽ, പെർഫോമൻസ് മികവായി 24 കോടി ഡോളറിന്റെ (ഏകദേശം 1,700 കോടി രൂപ) ഓഹരികൾ (സ്‌റ്രോക്ക് അവാർഡ്) അദ്ദേഹത്തിന് വേതനമായി ലഭിക്കും.
2020 മുതൽ 20 കോടി ഡോളറിന്റെ വാർഷിക ശമ്പളം വേറെയും ലഭിക്കും. 2015 നവംബർ ഒന്നുമുതൽ ഗൂഗിളിന്റെ സി.ഇ.ഒയായ പിച്ചൈ, 2018ൽ നേടിയ ശമ്പളം 19 കോടി ഡോളറാണ്. ഗൂഗിളിന്റെ സ്ഥാപകരിൽ ഒരാളും ആൽഫബെറ്റിന്റെ സി.ഇ.ഒയുമായിരുന്ന ലാറി പേജ് കഴിഞ്ഞവർഷം വാങ്ങിയ ശമ്പളം വെറും ഒരു ഡോളറായിരുന്നു. അമേരിക്കൻ കമ്പനികളിലെ സി.ഇ.ഒമാരുടെ ശരാശരി വാർഷിക ശമ്പളം 12 കോടി ഡോളറാണ്.
ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെർജീ ബ്രിന്നും പടിയിറങ്ങിയതോടെ, കഴിഞ്ഞ ഡിസംബർ നാലിനാണ് പിച്ചൈ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സി.ഇ.ഒ സ്ഥാനത്തെത്തിയത്. ഗൂഗിളിന്റെ സി.ഇ.ഒ പദവിയിലും അദ്ദേഹം തുടരുന്നുണ്ട്. 1972 ജൂൺ 10ന് മധുരയിൽ ജനിച്ച പിച്ചൈ, 2004 ഏപ്രിൽ ഒന്നിനാണ് ഗൂഗിളിൽ എത്തുന്നത്. ആ ദിവസമാണ് ഗൂഗിൾ ജിമെയിലിന് തുടക്കമിട്ടതും. ഗൂഗിൾ ക്രോമിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയത് പിച്ചൈയാണ്.