sabarimala-

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട ഹർജികൾ ഏഴംഹം ഭരണഘടനാ ബെഞ്ച് ജനുവരി മുതൽ പരിഗണിക്കും. ഹർജികൾ കൈമാറുന്നതോടെ ശബരിമല കേസിൽ ഏഴംഗ ബെഞ്ച് നേരിട്ട് വിധി പറയും. നിലവിൽ ഫയൽ ചെയ്തിട്ടുള്ള പേപ്പർ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറണം എന്ന് നിർദേശിച്ച് സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാർ എല്ലാ കക്ഷികൾക്കും കത്ത് നല്‍കി. ജനുവരി മൂന്നാം വാരം കേസുകൾ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ നിർദ്ദേശിച്ചുണ്ടെന്നാണ് സൂചന.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹർജികൾ ആണ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജികളുമാണ് ജനുവരിയിൽ പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി അഡീഷണൽ രജിസ്ട്രാർ കക്ഷികൾ അയച്ച നോട്ടീസിൽ പറയുന്നു.

വിധി നടപ്പിലാക്കുന്നതിന് സാവകാശംതേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നല്‍കിയ സാവകാശ അപേക്ഷയും ഏഴംഗ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.