ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവരെക്കൊണ്ട് സിനിമയെടുപ്പിക്കാൻ കൊള്ളില്ലെന്ന പ്രചാരണം നിലനിൽക്കുന്ന വേളയിലാണ് ആ റിസ്ക്കൊന്നും കണക്കിലെടുക്കാതെ രാമചന്ദ്രബാബുവും ബാലു മഹേന്ദ്രയുമൊക്കെ അക്കാലത്ത് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോയത്.രാമചന്ദ്രബാബുവും ബാലുവുമൊക്കെ പാസ്സ് ഒൗട്ടായ ശേഷമാണ് ഞാൻ ഇൻസ്റ്റിറ്റൂട്ടിൽ എത്തുന്നത്.ഞങ്ങളൊക്കെ നേരിട്ടതിനെക്കാൾ വലിയ വെല്ലുവിളി സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് അവർ നേരിട്ടിരുന്നു.
കെ.കെ.മഹാജനും അടൂരും ജയഭാദുരിയുമൊക്കെ പല ഘട്ടങ്ങളിലായി അവരവരുടെ മേഖലയിൽ ശ്രദ്ധേയരായപ്പോഴാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവർ കൊള്ളാമെന്ന ധാരണ പൊതുവെ ഉണ്ടായത്. ഛായാഗ്രാഹകരുടെ കൂട്ടത്തിൽ രാമചന്ദ്രബാബുവിനെപ്പോലെ ആ തലമുറയിൽ നിന്ന് പേരുനേടിയവർ ചുരുക്കമായിരുന്നു.
ബാബു എല്ലാത്തരം ചിത്രങ്ങൾക്കും ഛായ പകർന്നു. ആർട്ട് ഹൗസ് സിനിമകളായാലും കമേർഷ്യൽ സിനിമകളായാലും ബാബുവിന് ഏതും വഴങ്ങിയിരുന്നു. തുടക്കത്തിൽതന്നെ എം.ടി. വാസുദേവൻ നായർ, ജോൺ എബ്രഹാം, കെ.ജി. ജോർജ്, രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ എന്നിവർക്കൊപ്പം വർക്ക് ചെയ്യാൻ ബാബുവിന് അവസരം ലഭിച്ചു. എം.ടിയുടെ ആദ്യ ചിത്രമായ നിർമ്മാല്യം, ജോണിന്റെ ആദ്യ ചിത്രമായ വിദ്യാർത്ഥികളെ ഇതിലേ ഇതിലേ , ജോർജിന്റെ ആദ്യ ചിത്രമായ സ്വപ്നാടനം എന്നിവയുടെയെല്ലാം ഛായാഗ്രഹണം നിർഹിച്ചത് ബാബു ആയിരുന്നു. നവോദയയുടെ സിനിമാ സ്കോപ്പ് ചിത്രങ്ങൾ, ആദ്യത്തെ 70 എം.എം ചിത്രമായ പടയോട്ടം ഹരിഹരന്റെ വടക്കൻവീരഗാഥ, ഭരതന്റെ രതിനിർവേദം, കാര്യാട്ടിന്റെ ദ്വീപ് എന്നിങ്ങനെ വ്യത്യസ്തമായ ചിത്രങ്ങൾ ബാബുവിന്റെ കാമറക്കണ്ണിലൂടെയാണ് പിറവിയെടുത്തത്. ഇത്രയേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിക്കുക എന്നത് വിസ്മയകരമെന്നേ പറയേണ്ടൂ. കെ.ജി. ജോർജിന്റെ ഏറക്കുറെ എല്ലാ ചിത്രങ്ങൾക്കും ഛായ പകർന്നത് ബാബുവായിരുന്നു.
സിനിമയെ സ്റ്റുഡിയോയ്ക്കുള്ളിൽ നിന്നും ഔട്ട് ഡോറിലേക്ക് കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബുവിന് വലിയൊരു പങ്കുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടുകാർക്ക് സ്വതസിദ്ധമായുള്ള അറിവെന്ന ധൈര്യം ബാബുവിന് നന്നായുണ്ടായിരുന്നു.തന്റെ അറിവ് സിനിമയുടെ ഗുണപരമായ പരിവർത്തനത്തിന് ബാബു പ്രയോഗിച്ചു.പരീക്ഷണങ്ങൾക്ക് മുതിരുമ്പോൾ നിർമ്മാതാവിനേയും സംവിധായകനെയും ഒരുപോലെ വിശ്വാസത്തിലെടുത്തു ബാബു.
അക്കാലത്ത് സിനിമയുടെ നിർമ്മാണച്ചെലവ് കൂട്ടുന്നതിൽ വലിയ പങ്ക് ഛായാഗ്രാഹകനാണ്. സിനിമയ്ക്ക് ആവശ്യമായ ഫിലിം, ലൈറ്റ്, ഔട്ട്ഡോർ ഷൂട്ടിംഗ് എന്നിങ്ങനെ ബഡ്ജറ്റ് തയ്യാറാക്കുന്നത് ഛായാഗ്രാഹകനുമായി ആലോചിച്ചാണ്.എന്നാൽ കുതിച്ചുയരുന്ന നിർമ്മാണച്ചെലവിനെ കുറഞ്ഞ ബഡ്ജറ്റിലേക്ക് കൊണ്ടുവന്നു എന്നതാണ് ബാബുവിന്റെ ഏറ്രവും വലിയ സംഭാവന. മിനിമം ലൈറ്റ് ഉപയോഗിച്ച് ചിത്രങ്ങളുടെ നിർമ്മാണച്ചെലവ് എങ്ങനെ കുറയ്ക്കാൻ കഴിയുമെന്ന് ബാബു മലയാള സിനിമയ്ക്ക് കാട്ടിക്കൊടുത്തു. അതോടൊപ്പം തന്നെ കാമറയിൽത്തന്നെ സ്പെഷ്യൽ ഇഫക്ട് സൃഷ്ടിക്കാനും ബാബുവിന് കഴിഞ്ഞു. സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ അത്രയൊന്നും വളർന്നിട്ടില്ലാത്ത കാലത്തായിരുന്നു അതെന്ന് ഓർക്കണം. ബാബു വർക്ക് ചെയ്ത സിനിമകളുടെ നിർമ്മാണച്ചെലവ് മൂന്നിലൊന്നായി ചുരുങ്ങിയതും എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് അതിന്റേതായ രീതിയിൽ കാമറ ചലിപ്പിക്കാനും ബാബുവിന് അറിയാമായിരുന്നു. കാമറയിൽ മാത്രമല്ല, സിനിമയുടെ പ്രൊജക്ഷൻ അടക്കമുള്ള കാര്യങ്ങളിൽ അഗ്രഗണ്യനായിരുന്നു ബാബു. കേരളത്തിന്റെയും മറ്റും രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പലതവണ ടെക്നിക്കൽ കമ്മിറ്റിയുടെ ചെയർമാനായും ബാബു പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യം സൂചിപ്പിച്ചതുപോലെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ട് പുറത്തുവരുമ്പോൾ ഭാവി എന്താകുമെന്ന അനിശ്ചിതത്വം നിലനിന്നിട്ടും അതൊന്നും വകവയ്ക്കാതെ ധീരമായി ചലച്ചിത്രരംഗത്തേക്കിറങ്ങിയ രാമചന്ദ്രബാബു പലതലമുറകൾക്കും വഴികാട്ടിയാണ്. സ്വന്തമായി ഒരു ത്രീഡി ചിത്രം സംവിധാനം ചെയ്യാനാരംഭിച്ച വേളയിലാണ് അദ്ദേഹത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വേർപാട്. മലയാള സിനിമയ്ക്ക് ഇത് തീരാനഷ്ടമാണ്.
(പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമാണ് ലേഖകൻ)