ramachandra-babu-

കോഴിക്കോട്: സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും ഒരുപോലെ വിളങ്ങിയ പ്രശസ്ത ഛായാഗ്രാഹകൻ കെ. രാമചന്ദ്രബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

സ്വന്തം സിനിമയ്‌ക്കായി ലൊക്കേഷൻ നോക്കാൻ വയനാട്ടിലേക്ക് പോകും വഴി വിശ്രമിക്കാൻ മലബാർ പാലസ് ഹോട്ടലിൽ തങ്ങുകയായിരുന്നു. മുറിയിൽ സിനിമയെ പറ്റി ചർച്ച ചെയ്യുമ്പോൾ വൈകിട്ട് നാല് മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നിർമ്മാതാവ് ദയാനന്ദനും ആർട്ട് ഡയറക്ടർ രാധാകൃഷ്ണനും ചേർന്ന് രാമചന്ദ്രബാബുവിനെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനാണ് നിർദ്ദശിച്ചത്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സ തുടങ്ങും മുമ്പ് മരണം സംഭവിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏഴരയോടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഹോട്ടൽ മഹാറാണിയിൽ എത്തിച്ചു. അവിടെ കോഴിക്കോട്ടെ സിനിമാ പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് പേട്ട, അക്ഷരവീഥിയിലെ വസതിയായ 'ആദിത്യ'യിൽ എത്തിക്കും.

രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമായ, ദിലീപ് നായകനായ പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ ഒരു ഷെഡ്യൂൾ മാത്രമാണ് പൂർത്തിയാക്കിയത്. ഈ ഇടവേളയിൽ ആദിവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാട്ടോഗ്രാഫി പഠിച്ച രാമചന്ദ്രബാബു അവിടെ സഹപാഠിയായിരുന്ന ജോൺ എബ്രഹാമിന്റെ 'വിദ്യാർത്ഥികളെ ഇതിലേ ഇതിലേ' എന്ന സിനിമയിലൂടെയാണ് ഛായാഗ്രാഹകനാകുന്നത്. യവനികയും വടക്കൻ വീരഗാഥയും പോലെ നിരവധി സൂപ്പർഹിറ്റുകൾ ഉൾപ്പെടെ 125-ലേറെ മലയാള ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും കാമറ ചലിപ്പിച്ചിട്ടുണ്ട്. നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ടെക്‌നിക്കൽ കമ്മിറ്റിയിൽ അംഗമായിരുന്നു.

തമിഴ്നാട് ചെങ്കൽപ്പേട്ട് മധുരാന്തകത്താണ് ജനനം. കെ.ലതികാറാണിയാണ് ഭാര്യ. അഭിഷേക് ആർ.ബാബു (സോഫ്റ്റ്‌വെയർ എൻജിനിയർ), അഭിലാഷ് ആർ. ബാബു എന്നിവർ മക്കളാണ്.

എം.ടിയുടെ നിർമ്മാല്യം, ബന്ധനം, കെ.ടി.മുഹമ്മദിന്റെ സൃഷ്ടി, കെ.ജി. ജോർജിന്റെ സ്വപ്‌​നാടനം, മേള, കോലങ്ങൾ, യവനിക, രാമു കാര്യാട്ടിന്റെ ദ്വീപ്, കെ.എസ്. സേതുമാധവന്റെ അമ്മേ അനുപമേ, ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ, വാടകയ്‌​ക്കൊരു ഹൃദയം, ഭരതന്റെ രതിനിർവേദം, ചാമരം, നിദ്ര, മർമ്മരം, ബാലചന്ദ്ര മേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള, ഹരിഹരന്റെ ഒരു വടക്കൻ വീരഗാഥ, കമലിന്റെ ഗസൽ, ലോഹിതദാസിന്റെ കന്മദം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി ഡോക്യുമെന്ററികളുടെയും പരസ്യചിത്രങ്ങളുടെയും ഛായാഗ്രഹണവും നിർവഹിച്ചിട്ടുണ്ട്.

നിർമ്മാതാവ് പി.വി ഗംഗാധരൻ, സംവിധായകൻ രഞ്‌ജിത്ത് , എം.എൽ.എയും നാടകകൃത്തുമായ പുരുഷൻ കടലുണ്ടി, സാഹിത്യകാരൻ വി. ആർ സുധീഷ് തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു.