ന്യൂഡൽഹി:പിരിച്ച മീശ, സൺഗ്ലാസ്, റോയൽ എൻഫീൽഡ് ബുള്ളറ്റ്, സ്റ്റൈലൻ ലുക്ക് - ദളിത് സമരനായകനും ഭീം ആർമി തലവനുമായ ചന്ദ്രശേഖർ ആസാദ്. ഉത്തർപ്രദേശിലെ ചുട്ട്മാൽപൂർ ഗ്രാമത്തിൽ നിന്ന് പോരാട്ടവീര്യം കൊണ്ട് യുവാക്കൾക്കിടയിൽ താരമായ 'രാവണൻ.'
പേരിനൊപ്പം കുറേക്കാലം രാവൺ എന്ന് ചേർത്ത് നടന്നു. ഇപ്പോൾ അത് വേണ്ടെന്ന് വച്ചു. എങ്കിലും തന്ത്രങ്ങളിൽ ആസാദിന് പത്ത് തലയാണ്. കസ്റ്റഡിയിൽ നിന്ന് കടന്ന ഈ തീപ്പൊരിയെ പിടിക്കാൻ കഴിഞ്ഞദിവസം പൊലീസ് ഡൽഹിയാകെ അരിച്ചുപെറുക്കി. പൊലീസുകാരോട് ആസാദ് പറഞ്ഞു:
' 'എന്റെ പേര് ആസാദ്, അർത്ഥം സ്വാതന്ത്ര്യം, അതിനെ തടവിലിടാനാവില്ല'. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം 33 കാരനായ ചന്ദ്രശേഖർ ആസാദിനെ സ്വാതന്ത്ര്യവും മതേതരത്വവും കൊതിക്കുന്ന ജനതയുടെ നേതാവാക്കിയിരിക്കുകയാണ്.
പൊലീസിന്റെ പിടിയിൽ നിന്ന് ജനക്കൂട്ടത്തിലേക്ക് രക്ഷപെട്ട ആസാദിനെ ആയിരങ്ങൾ പൊതിഞ്ഞു കാത്തു. പൊലീസിന് അടുക്കാനായില്ല. അംബേദ്കറുടെ ചിത്രം ഉയർത്തി പിടിച്ച് അദ്ദേഹം മുഴക്കിയ സ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും മുദ്രാവാക്യങ്ങൾ മസ്ജിദിന് മുന്നിൽ പതിനായിരങ്ങൾ ഏറ്റുചൊല്ലി.
ഉത്തർപ്രദേശിലെ സ്കൂൾ അദ്ധ്യാപകനായ ഗോവർദ്ധൻ ദാസിന്റെ രണ്ട് ആൺമക്കളിൽ ഒരാളാണ് ചന്ദ്രശേഖർ ആസാദ്. മറ്റേയാൾ ഭഗത് സിംഗ്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരന്മാരുടെ പേരുകളാണ് ഗോവർദ്ധൻദാസ് മക്കൾക്ക് ചാർത്തിയത്. അത് തെറ്റിയില്ലെന്ന് തെളിക്കുകയാണ് ആസാദ്. വക്കീൽ പണിക്കിടെ പൊതുരംഗത്തേക്ക് ആസാദിനെ എത്തിക്കുന്നത് ഷഹരാൻപൂർ ഗ്രാമത്തിലെ കുട്ടികളാണ്. ദളിത് കുട്ടികളെ സ്കൂളിൽ പഠിപ്പിക്കുന്നത് സവർണർ തടയാൻ ശ്രമിച്ചപ്പോഴാണ് ആസാദ് ഇടപെട്ടത്. തുടർന്ന് ദളിത് പോരാട്ട വേദിയായി
ഭീം ആർമി ഭാരത് ഏക്‌ത മിഷൻ എന്ന സംഘടന രൂപീകരിച്ചു. 40,000ത്തിലേറെ യൂണിറ്റുകൾ ഉള്ള ഭീം ആർമിക്ക് ഇപ്പോൾ 300 സ്കൂളുണ്ട്. ചാമർ ജാതിക്കാരാണ് സംഘടനയിൽ കൂടുതലും. പിന്നെ മുസ്ലീങ്ങളും.
ദളിത് പിന്തുണകാരണം ഉത്തർപ്രദേശിൽ ബി.എസ്.പി നേതാവ് മായാവതിക്കും സമാജ് വാദി നേതാവ് അഖിലേഷ് യാദവിനും ആസാദിനെ പേടിയാണ്.
സഹറൻപൂരിൽ ജാതി ലഹളയുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിന്റെ സർക്കാർ ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ആസാദ് പിടികൊടുത്തത്. ജയിലിൽ നിന്ന് തിരിച്ചെത്തിയത് പോയതിനേക്കാൾ കരുത്തനായി.
പൗരത്വ നിയമത്തോടെ അരക്ഷിതരായ മുസ്ലീം സമുദായത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യശത്രുക്കളായ ദളിതരെയും കൂടെ നിർത്തിയുള്ള രാഷ്ട്രീയമാണ് ചന്ദ്രശേഖർ ആസാദിന്റെ ലക്ഷ്യം.