ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ അനുദിനം ശക്തിയാർജ്ജിക്കുന്ന പ്രക്ഷോഭത്തെ പ്രതിരോധിക്കാനും പൗരത്വനിയമത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും ബി. ജെ. പി രാജ്യവ്യാപകമായി പത്ത് ദിവസത്തെ തീവ്രപ്രചാരണം നടത്തും.
'ബി.ജെ.പി സമ്പർക്ക് അഭിയാൻ' എന്ന പേരിലാണ് പ്രചാരണം. ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ അദ്ധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് കോടി കുടുംബങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ സന്ദേശം എത്തിക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
മറ്റ് പരിപാടികൾ
രാജ്യമെമ്പാടും 1000 റാലികൾ നടത്തും.
തിരഞ്ഞെടുത്ത 250 കേന്ദ്രങ്ങളിൽ വാർത്താസമ്മേളനങ്ങൾ നടത്തി പുതിയ നിയമത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കും
പുതിയ നിയമത്തിന്റെ ഗുണഭോക്താക്കളെയും നിയമത്തെ അനുകൂലിക്കുന്നവരെയും പ്രചാരണത്തിന്റെ ഭാഗമാക്കും.
'പൗരത്വ നിയമത്തിന്റെ വസ്തുത ജനങ്ങളുടെ മുന്നിലെത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് കോൺഗ്രസ് രാജ്യത്തെ സമാധാനം തകർക്കാനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. കലാപത്തിൽ നിരവധി ജീവനുകളാണ് അപകടത്തിലായത്. '- ഭൂപേന്ദർ യാദവ് .
പരസ്യമായ വൈരുദ്ധ്യം
പ്രതിഷേധം തണുപ്പിക്കാൻ ബി.ജെ.പിയുടെ ട്വിറ്റർ പേജിൽ 'പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംവാദം' എന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് പരസ്യത്തിൽ പറയുന്നത്. 'എൻ.ആർ.സി നടപ്പാക്കുമ്പോൾ എല്ലാവരും അവരുടെ രേഖകൾ കാണിക്കണം.'വോട്ടർ ഐ.ഡി കാർഡ്, ആധാർ കാർഡ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവ എല്ലാവരും കാണിക്കേണ്ടിവരും.' - വീഡിയോയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന പെൺകുട്ടി പറഞ്ഞു. എന്നാൽ, കഴിഞ്ഞ 17ന് ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞത് ആധാർ കാർഡും വോട്ടർ ഐ.ഡിയും അടക്കമുള്ളവ പൗരത്വ രേഖകൾ അല്ലെന്നാണ്.
അമിത് ഷായുടെ വാക്കുകളും ബി.ജെ.പിയുടെ പരസ്യവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി എം.പിയും ദേശീയ വക്താവുമായ സഞ്ജയ് സിംഗ് പോസ്റ്റിട്ടു.അതിങ്ങനെ: 'ബി.ജെ.പി ട്വിറ്ററിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്. ആധാർ പൗരത്വ രേഖയല്ലെന്ന് അമിത് ഷാ പറയുന്നു. ബി.ജെ.പി പറയുന്നത് പൗരത്വം തെളിയിക്കാൻ ആധാർ മതിയെന്നാണ്.'