ആദ്യകാലം തൊട്ടേ കേട്ട ഛായാഗ്രാഹകൻമാരുടെ പേരുകളിലൊന്നായിരുന്നു രാമചന്ദ്രബാബു. ഞാനൊക്കെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണത്തിന് പഠിക്കുന്ന സമയത്തുതന്നെ അദ്ദേഹം വലിയ കാമറാമാനായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ മണിരത്നം മലയാളത്തിൽ സംവിധാനം ചെയ്ത ഉണരൂ, തമിഴിലെടുത്ത പകൽനിലാവ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചതും രാമചന്ദ്രബാബുവായിരുന്നു. മണിരത്നം പലപ്പോഴും രാമചന്ദ്രബാബുവിനെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്മാരുടെ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഒഫ് സിനിമാട്ടോഗ്രാഫേഴ്സിന്റെ സ്ഥാപകരിലൊളായിരുന്നു. അതിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ബാബുവിന്റെ ഇളയസഹോദരൻ രവിചന്ദ്രൻ എന്റെ അടുത്ത സുഹൃത്തും മികച്ച ഛായാഗ്രാഹകനുമാണ്. രാമചന്ദ്രബാബുവിന്റെ അപ്രതീക്ഷിത വേർപാടിൽ ദു:ഖം രേഖപ്പെടുത്തുന്നു.
(പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമാണ് ലേഖകൻ)