nirmala-sitaraman

ന്യൂഡൽഹി: ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപടികൾ ആരംഭിക്കില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുപോലെ രാജ്യത്തെല്ലായിടത്തും ഇതു നടപ്പാക്കും, പക്ഷേ ഇനിയാണ് ജോലികൾ ആരംഭിക്കേണ്ടത്. ജനങ്ങളോട് സംവദിക്കാതെ എൻ.ആർ.സി പ്രക്രിയ തുടങ്ങില്ലെന്നും നിർമല പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യത്തു പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

' ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടികൾ ഇങ്ങനെ പ്രതികരിക്കുന്നത് കണ്ടിട്ട് അദ്ഭുതം തോന്നുന്നു. പീഡനം കാരണം ഓടിവന്ന ജനങ്ങൾക്ക് പൗരത്വം നൽകുന്നതിനാണു പൗരത്വ ഭേദഗതി നിയമം. 70 വർഷമായി അവർ കാത്തിരിക്കുകയാണ്. ഈ നിയമത്തിലൂടെ അവർക്കു പൗരത്വം ലഭിക്കും. അങ്ങനെ അവർക്കു മാന്യമായി ജീവിക്കാം. രാജ്യത്ത് നിലവിലുള്ള പൗരന്മാരെ നിയമം യാതൊരു തരത്തിലും ബാധിക്കില്ല'- നിർമല പറഞ്ഞു.

 പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിനുള്ള സർക്കാരിന്റെ ഉദ്ദേശ്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള തീയതിയോ പദ്ധതികളോ പ്രഖ്യാപിച്ചിട്ടില്ല. എൻ.ആർ.സി നിയമങ്ങളുടെ കരട് തയാറായിട്ടില്ല. ദേശീയ പൗരത്വ രജിസ്റ്റർ പെട്ടെന്നു നടപ്പാകില്ല, സമയമെടുക്കും. എൻ.ആർ.സി രാജ്യമാകെ നടപ്പാക്കി മുസ്ളിം മതവിഭാഗക്കാരെയെല്ലാം നാടുകടത്തുമെന്ന പ്രചാരണം തെറ്റാണ്.'

-കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി

 വളരെ എളുപ്പത്തിൽ എൻ.ആർ.സി നടപ്പാക്കാം. ഒരു ഇന്ത്യൻ പൗരനും അവരുടെ പൗരത്വം നഷ്ടപ്പെടില്ല.

-കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

 പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസ് നേതൃത്വത്തെ കാണാനില്ല. പ്രതിഷേധത്തിൽ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുത്തിട്ടില്ല. എല്ലാ മുഖ്യമന്ത്രിമാരും അവരുടെ സംസ്ഥാനങ്ങളിൽ എൻ.ആർ.സി അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുമില്ല. അതിനാൽ സോണിയയുടെ പരാമർശങ്ങൾക്ക് അർത്ഥമില്ല'–

-രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ

(പൗരത്വ ഭേദഗതി നിയമം ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ലെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്)