caa

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഒരുവിഭാഗം ഗവേഷകരുടെയും ബുദ്ധിജീവികളുടെയും സംയുക്ത പ്രസ്താവന.

ഇന്ത്യയിലെയും യു.എസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെയും സർവകലാശാലകളിലെ പ്രൊഫസർമാരും ഗവേഷകരും ഉൾപ്പെട്ട ഏകദേശം 1,100 പേരടങ്ങുന്ന സംഘമാണ് കേന്ദ്ര സർക്കാരിനു പിന്തുണച്ച് രംഗത്തെത്തിയത്. നിയമം പാസാക്കിയതിലൂടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനത്തിനിരയായ മതന്യൂനപക്ഷങ്ങൾക്ക് അഭയം നൽകണമെന്ന ദീർഘകാല ആവശ്യം നിറവേറ്റിയെന്നു പ്രസ്താവനയിൽ പറയുന്നു.

1950ലെ ലിയാഖത്ത്- നെഹ്‌റു ഉടമ്പടി പരാജയപ്പെട്ടതു മുതൽ, വിവിധ നേതാക്കളും, കോൺഗ്രസ്, സി.പി.എം തുടങ്ങിയ രാഷ്ടീയ പാർട്ടികളും പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദലിത് വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്. വിസ്മരിക്കപ്പെട്ട ന്യൂനക്ഷങ്ങളെ പരിഗണിച്ചതിനും ഇന്ത്യയുടെ സാംസ്കാരിക ധാർമികതയെ ഉയർത്തിപ്പിടിച്ചതിനും പാർലമെന്റിനെയും കേന്ദ്ര സർക്കാരിനെയും അഭിനന്ദിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.

ഏതു രാജ്യത്തെയും ഏതു മതത്തിൽപ്പെട്ട വ്യക്തിക്കും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് പൗരത്വ ഭേഗദതി നിയമം തടസമല്ല. അതിനാൽ നിയമം ഭരണഘടനയിൽ പറയുന്ന മതനിരപേക്ഷതയുമായി ചേർന്നു നിൽക്കുന്നു. പൗരത്വം നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് സത്വര പരിഹാരം നൽകുക മാത്രമാണു ചെയ്യുന്നത്. നിയമപരമായ നടപടിക്രമങ്ങളിലൂടെ പൗരത്വം തേടുന്ന ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള അഹമ്മദിയ, ഹസാരാസ്, ബലൂച് അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങളെ നിയമം തടയുന്നില്ല.

രാജ്യത്ത് ഇപ്പോൾ‍ അരങ്ങേറുന്ന ആക്രമണങ്ങൾ കരുതിക്കൂട്ടിയുള്ള ചിലരുടെ പ്രവൃത്തിയാണ്. അതുകൊണ്ടു തന്നെ എല്ലാവിഭാഗം ജനങ്ങളും സംയമനം പാലിക്കണമെന്നും വർഗീയതയുടെയും അരാജകത്വത്തിന്റെയും പ്രചാരണ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രൊഫ.പ്രകാശ് സിംഗ് (ഡൽഹി സർവകലാശാല), പ്രൊഫ.കപിൽ കുമാർ (ഇഗ്‌നൗ), പ്രൊഫ. ഐനുൽ ഹസൻ (ജെ.എൻ.യു), ഷിഷിർ ബജോരിയ (ചെയർമാൻ, ഐ.ഐ.എം ഷില്ലോംഗ് ), പ്രൊഫ. സുനൈന സിംഗ് (വി.സി, നളന്ദ സർവകലാശാല), മീനാക്ഷി ജെയിൻ (ഐസർ), പ്രൊഫ. ലഖാൻ ഗോസെയ്ൻ (സിറാക്കുസ് യൂണിവേഴ്സിറ്റി, യു.എസ്.എ), ഭാനു പ്രസാദ് (ഓക്സ്ഫഡ് സർവകലാശാല), ഡോ. ആശിശ് മിശ്ര ( യു.എഫ്.പി.എ, ബ്രസീൽ) തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.