₹12,000 കോടി സമാഹരിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ കോർപ്പറേറ്ര് കടപ്പത്ര ഇ.ടി.എഫ് ആയ ഭാരത് ബോണ്ട് ഇ.ടി.എഫിന് പ്രതീക്ഷിച്ചതിനേക്കാൾ 1.7 മടങ്ങ് വില്‌പനനേട്ടം (സബ്‌സ്‌ക്രിപ്ഷൻ) ലഭിച്ചു. 7,000 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും 12,000 കോടി രൂപ ലഭിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ, 'എ.എ.എ" റേറ്രിംഗുള്ള കടപ്പത്രങ്ങളാണ് ഈ എക്‌സ്ചേഞ്ച് ട്രേഡഡ് (ഇ.ടി.എഫ്) ഫണ്ടിലുണ്ടാവുക. സാധാരണക്കാരെയും കടപ്പത്ര വിപണിയിലേക്ക് ആകർഷിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാങ്ക് വായ്‌പയ്ക്ക് പുറമേ മൂലധനം കണ്ടെത്താൻ പുത്തൻ വഴി ഒരുക്കുകയും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഭാരത് ബോണ്ട് ഇ.ടി.എഫിന് രൂപം നൽകിയത്. 2023ൽ കാലാവധി അവസാനിക്കുന്ന മൂന്നുവർഷ മെച്യൂരിറ്റിയും 2030ൽ കാലാവധി തീരുന്ന 10 വർഷ മെച്യൂരിറ്റിയുമുള്ള കാലയളവുകളാണ് ഈ ബോണ്ടിനുള്ളത്. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപ തുക.
നിഫ്‌റ്റി ഭാരത് ബോണ്ട് ഇൻഡക്‌സ് - ഏപ്രിൽ 2023 പ്രകാരമുള്ള ഇ.ടി.എഫിന് 6.69 ശതമാനവും നിഫ്‌റ്റി ഭാരത് ബോണ്ട് ഇൻഡക്‌സ് - ഏപ്രിൽ 2030 പ്രകാരമുള്ള ഇ.ടി.എഫിന് 7.58 ശതമാനവും യീൽഡ് (കടപ്പത്രങ്ങളിന്മേൽ നിക്ഷേപകന് ലഭിക്കുന്ന നേട്ടം) ലഭിക്കും.