aa-rahim

തിരുവനന്തപുരം: കേരളത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ സംയുക്ത പ്രതിഷേധത്തെ വിമർശിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം രംഗത്ത്. താങ്കൾ മുഖ്യമന്ത്രിയുമായും സർക്കാരുമായും സമരത്തിന് സഹകരിക്കില്ലെന്ന് പറഞ്ഞു. പകരം കോൺഗ്രസ്സ് എം.പിമാർ കേരളത്തിൽ ലോങ്ങ് മാർച്ച് നടത്തുമത്രേ. താങ്കൾ ഇതു പറയുമ്പോൾ കർണാടകയിൽ സി.പി.ഐ എം.പി ബിനോയ് വിശ്വം അറസ്റ്റിലായി. നിങ്ങളുടെ രാജ്യ സഭാ അംഗങ്ങളെ തെരുവിൽ കാണാനില്ലെന്നും റഹിം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വോട്ടിനു വേണ്ടി ഒച്ചവെയ്ക്കാതിരിക്കൂ.. വോട്ടും തിരഞ്ഞെടുപ്പും ഇല്ലാത്ത കാലമാണ് വരാൻ പോകുന്നതെന്ന് ആ മുല്ലപ്പള്ളിക്ക് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കൂ..

നമ്മുടെ രാജ്യം ജനാധിപത്യത്തിനായി സമരമുഖത്താണ്. കണ്ണു തുറന്നുകാണൂ.. താങ്കൾ മുഖ്യമന്ത്രിയുമായും സർക്കാരുമായും സമരത്തിന് സഹകരിക്കില്ലെന്ന് പറഞ്ഞു. പകരം കോൺഗ്രസ്സ് എംപിമാർ കേരളത്തിൽ ലോങ്ങ് മാർച്ച് നടത്തുമത്രേ. താങ്കൾ ഇതു പറയുമ്പോൾ കർണാടകയിൽ സിപിഐ എംപി ബിനോയ് വിശ്വം അറസ്റ്റിലായി. നിങ്ങളുടെ രാജ്യ സഭാ അംഗങ്ങളെ തെരുവിൽ കാണാനില്ല, പാർലമെന്റിൽ അവരുടെ ശബ്ദം കേൾക്കാനില്ല. രാഹുൽഗാന്ധി വിദേശയാത്രയിൽ, യെച്ചൂരിയും രാജയും പോലീസ് കസ്റ്റഡിയിൽ.

മതേതര സഖ്യം തകർത്തതിന് സിപിഐഎം മാപ്പ് പറയണമെന്ന കൽപ്പന കേട്ടു.
ബാബരി മസ്ജിദ് തകർക്കുമ്പോൾ ആർഎസ്എസുകാർക്കെതിരെ നിങ്ങൾ അന്ന് നിറയൊഴിച്ചിരുന്നെങ്കിൽ ഇന്ന് രാജ്യത്തിന് നേർക്ക് അവർ തോക്കു ചൂണ്ടില്ലായിരുന്നു. തീവ്ര വർഗീയതക്കെതിരെ നിങ്ങൾ മൃദു സമീപനമെടുത്തപ്പോൾ അവർ വളർന്നു. രാജ്യം കീഴടക്കി, ഇന്ന് രാജ്യത്തിന് നേർക്കു അവർ നിറയൊഴിച്ചു രസിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, രാഹുലിനു പോലും താല്പര്യമുണ്ടായിരുന്നില്ല കേരളത്തിൽ വന്നു മത്സരിക്കാൻ എന്നാണ് വാർത്ത. താങ്കളും കേരളത്തിലെ ചില കോൺഗ്രസ്സ് നേതാക്കളുമാണ് ഉത്തരേന്ത്യയിൽ ബിജെപിക്ക് സുവർണാവസരം നൽകി, രാഹുലിനെ വയനാട്ടിലേക്ക് നിർബന്ധിച്ചിറക്കിയത്. ബിജെപി അത് പ്രചാരണായുധമാക്കി. ഉത്തരേന്ത്യ ബിജെപി തൂത്തുവാരി. രാജ്യം പോയാലും കുഴപ്പമില്ല, കേരളത്തിൽ ഇടതുപക്ഷം തോറ്റു കാണണമെന്നേ താങ്കൾക്കും, അതിനായി കരുനീക്കിയ കോൺഗ്രസ്സ് നേതാക്കൾക്കും ആഗ്രഹമുണ്ടായിരുന്നുള്ളു.!!

ഇനിയെങ്കിലും തിരിച്ചറിയൂ,

വർഗീയ ഫാസിസത്തിനെതിരായ സമരങ്ങളിൽ ഇടവേളകളില്ല. നിങ്ങൾ നടത്തുന്ന സീസണൽ സമരങ്ങളിൽ സംഘപരിവാറിനെ പ്രതിരോധിക്കാനാകില്ല.

ആർഎസ്എസ് ഇത്രയേറെ, ഇതിനേക്കാൾ അപകടകാരികളാണ്. അത് പണ്ടേ തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകൾ ആർഎസ്എസിനെതിരെ നടത്തിയ മഹാ പ്രതിരോധങ്ങൾ, രക്തസാക്ഷിത്വങ്ങൾ.. ത്യാഗ നിർഭരമായ എല്ലാ പ്രതിരോധങ്ങളെയും നിങ്ങൾ, പരിഹസിച്ചു.. ചിലപ്പോഴൊക്കെ അവർക്കൊപ്പം ചേർന്ന് പരസ്യമായി ഞങ്ങളെ പുലഭ്യം പറഞ്ഞു.

ഞങ്ങൾ ഇന്നലെ, ഇന്നും, നാളെയും ആർഎസ്എസിനെതിരെ സമരമുഖത്തു തന്നെയാണ്. ഒടുവിലത്തെ കമ്മൂണിസ്റ്റും ആ കടമ നിർവഹിക്കും. സീസണലായി ഇറങ്ങുന്നത് കൊണ്ടാണ് താങ്കൾക്ക് സ്ഥലജല ഭ്രമം തോന്നുന്നത്. ധൈര്യമായിരിക്കൂ ഏതു ഫാസിസത്തെയും നേരിടാൻ ധീരതയുള്ള യൗവ്വനം ഇവിടുണ്ട്. അങ്ങ് ഭയപ്പെടരുത്.