ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രക്ഷോഭം ശക്തമാക്കി കോൺഗ്രസ്. പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ രാജ്‌ഘട്ടിൽ ധർണ സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ നടക്കുന്ന ധർണയിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കും.
ദേശീയ പൗരത്വ നിയമം പ്രതിഷേധത്തിനിടെ ദക്ഷിണ കൊറിയൻ സന്ദർശനത്തിന് പോയ രാഹുൽ ഗാന്ധി തിരിച്ചെത്തിയതിന് ശേഷം പങ്കെടുക്കുന്ന ആദ്യപരിപാടിയാണിത്. നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുമ്പോൾ വിദേശ സന്ദർശനത്തിന് പോയ രാഹുലിനെതിരെ പാർട്ടിക്കകത്ത് നിന്ന് തന്നെ വൻ വിമർശനം ഉയർന്നിരുന്നു.
രാഹുലിന്റെ അഭാവത്തിൽ പ്രിയങ്ക ഗാന്ധി നടത്തിയ പ്രതിഷേധ പരിപാടികൾക്ക് വൻ ജനപിന്തുണ ലഭിച്ചിരുന്നു. ട്വിറ്ററിലല്ല, തെരുവിലാണ് രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം വേണ്ടതെന്നും വിമർശനം ഉയർന്നിരുന്നു.
മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ചതായിരുന്നു രാഹുൽഗാന്ധിയുടെ സന്ദർശനമെന്നാണ് വിദേശ യാത്രയ്ക്ക് കോൺഗ്രസ് നൽകിയ വിശദീകരണം.