ദോഹ : മൂന്ന് ലോകറെക്കാഡുകളും ഏഷ്യൻ, നാഷണൽ റെക്കാഡുകളും ഉൾപ്പെടെ 27 റെക്കാഡുകൾ തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ കൗമാര വെയ്റ്റ്ലിഫ്ടർ ജെറമി ലാൽരിന്നുംഗ ഖത്തർ ഇന്റർനാഷണൽകപ്പിൽ വെള്ളി നേടി. 67 കി.ഗ്രാം വിഭാഗത്തിൽ 17 കാരനായ ജെറമി 306 കിലോ എടുത്തുയർത്തിയാണ് ചരിത്രമെഴുതിയത്. സ്നാച്ചിൽ 140 കിലോയും ക്ളീൻ ആൻഡ് ജെർക്കിൽ 166 കിലോയുമാണ് ജെറമി ഉയർത്തിയത്. യൂത്ത് ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുള്ള താരമാണ് ജെറമി.
12 ഇന്റർനാഷണൽ റെക്കാഡുകളാണ് ജെറമി തിരുത്തിയത്. ഇതിൽ മൂന്ന് യൂത്ത് വേൾഡ്, മൂന്ന് യൂത്ത് ഏഷ്യൻ, ആറ് കോമൺ വെൽത്ത് റെക്കാഡുകൾ ഉൾപ്പെടുന്നു.
15 ദേശീയ റെക്കാഡുകളാണ് ജെറമിയുടെ പ്രകടനത്തിൽ തകർന്നുവീണത്. ഇതിൽ അഞ്ച് യൂത്ത് നാഷണൽ ,അഞ്ച് ജൂനിയർ നാഷണൽ, അഞ്ച്സീനിയർ നാഷണൽ എന്നിവ ഉൾപ്പെടുന്നു.
ബിർളയുടെ പുത്രൻ,
മനശാന്തിക്കായി ക്രിക്കറ്റിൽനിന്ന് ബ്രേക്ക് എടുക്കുന്നു
മുംബയ് : ആസ്ട്രേലിയൻ താരം ഗ്ളെൻ മാക്സ്വെല്ലിനെപ്പോലെ മാനസിക സമ്മർദ്ദത്തിൽനിന്ന് രക്ഷനേടാൻ കുറച്ചുകാലം ക്രിക്കറ്റിൽനിന്ന് മാറിനിൽക്കുകയാണെന്ന് മദ്ധ്യപ്രദേശ് രഞ്ജി ട്രോഫി താരം ആര്യമാൻ ബിർല, വ്യവസായ ഭീമൻമാരായ ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ കുമാർ മംഗളം ബിർളയുടെ മകനാണ് 22 കാരനായ ആര്യമാൻ. പരിക്കുകൾ കാരണം ഇൗ ജനുവരിക്ക് ശേഷം ആര്യമാന് കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടില്ല.രണ്ട് സീസൺ മുമ്പ് രാജസ്ഥാൻ റോയൽസിൽ എത്തിയിരുന്നുവെങ്കിലും ഇതുവരെ കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇൗ സീസൺ താരലേലത്തിൽ ബിർള പുത്രനെ ആരും സ്വീകരിച്ചുമില്ല.
ബുംറ രഞ്ജി കളിച്ചേക്കും
ന്യൂഡൽഹി : ദേശീയ ക്രിക്കറ്റ് അക്കാഡമി ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ചത് വിവാദമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ രഞ്ജി ട്രോഫിയിൽ കളിച്ചേക്കും. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ കുറച്ചുദിവസം ചെലവിട്ട ശേഷം ഫിറ്റ്നെസ് ടെസ്റ്റ് നടത്തി രഞ്ജിയിൽ കളിക്കാനാണ് താരത്തിന്റെ തീരുമാനം. സ്വകാര്യ ചികിത്സ നടത്തിയശേഷം ഫിറ്റ്നസ് ടെസ്റ്റിനായി ക്രിക്കറ്റ് അക്കാഡമിയിലെത്തിയ ബുംറയ്ക്ക് അക്കാഡമി ചെയർമാൻ ദ്രാവിഡ് അതിനുള്ള സൗകര്യം നൽകിയിരുന്നില്ല.