മലയാള സിനിമാ ഛായാഗ്രഹണ രംഗത്തെ ആധുനികതയിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നതിൽ നിർണായകമായ പങ്കു വഹിച്ച വ്യക്തിത്വമാണ് ഇന്ന് അന്തരിച്ച രാമചന്ദ്ര ബാബു. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് നിന്നും കളറിലേയ്ക്കുള്ള മലയാള സിനിമയുടെ പരിവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും കാമറയുമായി ഒപ്പമുണ്ടായിരുന്നു അദ്ദേഹം.
ജോൺ എബ്രഹാം സംവിധാനം ചെയ്ത വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന ചിത്രത്തിലൂടെയായിരുന്നു രാമചന്ദ്രബാബുവിന്റെ സിനിമാ അരങ്ങേറ്റം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോൺ എബ്രഹാമിന്റെ സഹപാഠിയായിരുന്നു രാമചന്ദ്രബാബു.. തന്റെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണാനുഭവങ്ങളെക്കുറിച്ച് രാമചന്ദ്രബാബു സെല്ലുലോയ്ഡ് സ്വപ്നാടകൻ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
ചെമ്മീനിലെ കൊച്ചുമുതലാളിയായി നിറഞ്ഞുനിന്ന അന്നത്തെ താരമായ മധുആയിരുന്നു വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന ചിത്രത്തിലെ നായകൻ. എല്ലാവരും ഏറെ ബഹുമാനത്തോടെ അദ്ദേഹത്തെ 'മധുസാർ' എന്നാണ് വിളിച്ചിരുന്നത്. സെറ്റുകളിലെ മര്യാദകളെപ്പറ്റി അത്രയൊന്നും ഗ്രാഹ്യമില്ലാതിരുന്ന ഞാൻ അദ്ദേഹത്തെ 'മിസ്റ്റർ മധു' എന്നാണ് അഭിസംബോധന ചെയ്തത്. രൂക്ഷമായി അടിമുടി നോക്കി അദ്ദേഹം. മെലിഞ്ഞൊരു പയ്യൻ. ഒരിരുപത്തിനാല് വയസ് വരും. മലയാളത്തിന്റെ വലിയ താരത്തെ പേരുപറഞ്ഞു വിളിച്ചിരിക്കുന്നു! സെറ്റ് ആകെ നിശ്ചലമായി. യാതൊരു കുലുക്കവുമില്ലാതെ ഞാൻ വിളിച്ചു: 'മിസ്റ്റർ മധു, ലൈറ്റ് സെറ്റ് ചെയ്യാനായി പൊസിഷൻ തരൂ.' ഒന്നും ഉരിയാടാതെ മധു ഞാൻ പറഞ്ഞപോലെ നിന്നു.
കാരണമുണ്ട്. അദ്ദേഹം നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് വന്ന നടനാണ്. ആ മര്യാദകളെപ്പറ്റി അദ്ദേഹത്തിന് അറിയാം. എന്റെ രീതികളോട് അദ്ദേഹം പെട്ടെന്ന് പൊരുത്തപ്പെട്ടു. പിന്നീട് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. നിറഞ്ഞ, പ്രൗഢിയുള്ള പെരുമാറ്റവും ആഢ്യത്വവുമാണ് മധുവിന്റെ സവിശേഷത. ആരുമൊന്ന് ബഹുമാനിച്ചുപോവും. പിന്നെ ഞാനും മധുസാർ എന്ന വിളിയിലേക്ക് മാറിയെന്ന് രാമചന്ദ്ര ബാബു പുസ്തകത്തിൽ പറയുന്നു.
രാമചന്ദ്രബാബുവിന്റെ സിനിമാ അനുഭവങ്ങളുടെ സമാഹാരമായ 'സെല്ലുലോയ്ഡ് സ്വപ്നാടകൻ' എന്ന പുസ്തകം വെറും അനുഭവങ്ങൾ മാത്രമല്ല. അതിനുമപ്പുറം മലയാള സിനിമയുടെ സാങ്കേതിക മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.