തിരുവനന്തപുരം: മലയാള സിനിമാ മേഖലയ്ക്ക് തീരാ നഷ്ടമാണ് ഛായാഗ്രാഹകൻ രാമചന്ദ്രബാബു വിയോഗം. 1972-ൽ പുറത്തിറങ്ങിയ ജോൺ എബ്രഹാമിന്റെ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ചവിസ്മയങ്ങൾ മലയാളിക്ക് സമ്മാനിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. അതിനുള്ള ബഹുമതിയായി ദ്വീപ് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരവും അദ്ദേഹത്തെ നേടിയെത്തി. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ദിലീപ് ചിത്രം പ്രൊഫസർ ഡിങ്കൻ പൂർത്തിയാകാതെയാണ് രാമചന്ദ്രബാബു മടങ്ങുന്നത്. ഇക്കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ അദ്ദേഹം പ്രൊഫസർ ഡിങ്കനെ കുറിച്ച് കേരള കൗമുദി ഓൺലൈനിനോട് സംസാരിച്ചിരുന്നു.

'പ്രൊഫസർ ഡിങ്കൻ മറ്റ് ത്രീഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഈ ചിത്രങ്ങൾ ഷൂട്ട് ചെയ്തതിന് ശേഷം ത്രീഡി പതിപ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. യന്തിരൻ മാത്രമാണ് റിയലായിട്ട് ത്രീഡിയിൽ ചെയ്തിട്ടുള്ളത്. അങ്ങിനെ ചെയ്യണമെങ്കിൽ ഇടത്തും വലത്തും രണ്ട് ക്യാമറ വച്ച് ഷൂട്ട് ചെയ്യണം. ഇത് ചെലവേറിയതാണ്. ത്രീഡി പതിപ്പിലേക്ക് മാറ്റുന്ന ചിത്രത്തിൽ ഓരോ ലെയർ വച്ചാണ് വരിക'. പ്രൊഫസർ ഡിങ്കന് വേണ്ടിയുള്ള ത്രിഡി ദൃശ്യമൊരുക്കുന്നത് മുംബയിലെ സാങ്കേതിക വിദഗ്ദരാണെന്നും അദ്ദേഹം കൗമുദിയോട് പറഞ്ഞു.

ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ തായ്ലന്റിലാണ് ചെയ്യുന്നത്. ഈ ചിത്രം കുറച്ച് സമയമെടുത്താണ് ചെയ്യുന്നത്. കുറച്ച് സെറ്റ് വർക്കുകളും ഗ്രാഫിക്സ് വർക്കുകളും ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3 ഡി ഫോർമാറ്റിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായി പ്രൊഫസർ ഡിങ്കനിൽ മജീഷ്യനായാണ് ദിലീപ് എത്തുന്നത്. ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടമാണ് ചിത്രം നിർമ്മിക്കുന്നത്.

ramachandra-babu