ന്യൂഡൽഹി : ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 22 മുതൽ 30 വരെ സീറ്റുകൾ ലഭിക്കുമെന്ന് റിപ്പബ്ലിക്ക് ടിവി എക്സിറ്റ് പോൾ ഫലങ്ങൾ. ജെ.എം.എമ്മിന് 28-33 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ പറയുന്നു. അതേസമയം കോൺഗ്രസിന് 10-15നും ഇടയിൽ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരും. എ.ജെ.എസ്. യു.വിന് 3-24 സീറ്റുകൾ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്ക് 5-7 സീറ്റുകൾ ലഭിക്കുമെന്നുമാണ് റിപ്പബ്ലിക്ക് ടിവി എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.
കോൺഗ്രസ്- 16, ജെ.എം.എം 23, ബി.ജെ.പി- 28, ആർ.ജെ.ഡി- 5, ജെ.വി.എം- 3, മറ്റ് പാർട്ടികൾ- 6 എന്നിങ്ങനെയായിരിക്കും ഓരോ പാർട്ടികൾക്കും സീറ്റുകളെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ജാർഖണ്ഡിൽ കോൺഗ്രസ് 44 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ സർവേ പ്രവചിച്ചിരുന്നത്. ബി.ജെ.പിക്ക് 28 സീറ്റും ജെ.വി.എം.പി മൂന്ന് സീറ്റുകളിലും ജയിക്കുമെന്നും സർവേ പറയുന്നു. മറ്റ് പാർട്ടികൾക്ക് ആറ് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നുമാണ് സർവേ.
ഇന്ത്യാ ടുഡേ സർവേയും ജാർഖണ്ഡിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. കോൺഗ്രസ് സഖ്യം 38 മുതൽ 50 സീറ്റ് വരെ നേടുമെന്നായിരുന്നു അവരുടെ പ്രവചനം. ബി.ജെ.പിക്ക് 22 മുതൽ 32 സീറ്റ് വരെ നേടും. ജാർഖണ്ഡിൽ തൂക്കുസഭയെന്ന് സി വോട്ടർ സർവേ പറയുന്നു. ജാര്‍ഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ആർ.ജെ.ഡി സഖ്യം 35 സീറ്റ് നേടും. ബി.ജെ.പി 32 സീറ്റിലേക്ക് വീഴും.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേര്‍ പിന്തുണച്ചത് ജെ.എം.എം നേതാവ് ഹേമന്ദ് സോറനെ. 29 ശതമാനം പേർ അദ്ദേഹത്തെ പിന്തുണച്ചു. രഘുബർ ദാസിനെ പിന്തുണച്ചത് 26 ശതമാനം പേരാണ്.