cab

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുകയാണ്. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അണിനിരന്നത്. പൊലീസിന്റെ മർദ്ദനത്തിനും ലാത്തിച്ചാർജിനും വിധേയരായ വിദ്യാർത്ഥികൾ പിന്നീട് പൊലീസിന് റോസാപ്പൂ നഷകുന്ന കാഴചയും ലോകം കണ്ടു. എന്നാൽ ഇവയെ അധിക്ഷേപിച്ച് കമന്റിടുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഡോക്ടർ നെൽസൺ ജോസഫ്.

പെൺകുട്ടിയുടെ വാർത്തക്ക് താഴെ അശ്ലീല കമന്റിട്ടത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നെൽസന്റെ കുറിപ്പ്. സമാനമായ അധിക്ഷേപങ്ങളും കാർട്ടൂണുകളും കണ്ടെന്നും അക്കൂട്ടരുടെ ശരീരം മുഴുവൻ വെറുപ്പ് നിറഞ്ഞ് പുറത്തേക്കൊഴുകുകയാണെന്ന് നെൽസൺ കുറിക്കുന്നു.

''ഇന്നലെ വരെ വീടിനകത്തിരുന്നവർ, ശബ്ദമുയരാത്തവർ ഇന്ന് തെരുവിൽ ശബ്ദമുയർത്തുന്നു. രാത്രിയിൽ പുറത്തിറങ്ങുന്നു. . .ചാനൽ മൈക്കിനു മുന്നിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. . .എങ്ങനെ സഹിക്കും അല്ലേ? സഹിക്കണമെടോ, രാത്രിയിൽ പുറത്തിറങ്ങാൻ സമ്മതിക്കാഞ്ഞ, ജീവനു ഒരു കാൻ പെട്രോളിന്റെ വിലയിട്ട, ചുമ്മാ കത്തിച്ചുകളഞ്ഞ അവരുടെ ശബ്ദം അതേ തെരുവിലുയരണം''- കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

നിങ്ങളൊരുപക്ഷേ കണ്ടുകാണും. . . .

പ്രതിഷേധിക്കുന്നവർക്ക്‌ പാർലെ ജിയുടെ ബിസ്കറ്റ്‌ നൽകുന്ന ഒരു പെൺകുട്ടിയുടെ ചിത്രം. അതുപോലെയുള്ള ചെറിയ ചെറിയ നന്മകൾ കണ്ട്‌ സന്തോഷിച്ചിട്ടുമുണ്ടാവും. .

അതെക്കുറിച്ചുള്ള ഒരു വാർത്തയ്ക്ക്‌ കീഴിൽ ആ കുട്ടിയെക്കുറിച്ച്‌ ഒരുത്തനറിയേണ്ടിയിരുന്നത്‌ എന്തായിരുന്നെന്ന് കേൾക്കേണ്ടേ? " തുണിയും അഴിക്കുമോ " എന്ന്. .

എന്തൊരു ചീഞ്ഞ ചോദ്യമാണതെന്നതിനു വിശദീകരണമാവശ്യമില്ല.അയാളുടെ മകളുടെ പ്രായം കാണും ആ കുട്ടിക്ക്‌

അത്‌ ഒറ്റപ്പെട്ട ഒരു സംഭവമായി കരുതാൻ കഴിയുന്നില്ല.

കാരണം സമാനമായ അധിക്ഷേപങ്ങൾ, കാർട്ടൂണുകൾ, ലൈംഗിക അധിക്ഷേപങ്ങൾ . . . ഒന്നിലധികമിടങ്ങളിൽ കണ്ടു. .

ഹൃദയത്തിലും തലയിലും മാത്രമല്ല, ശരീരം മുഴുവൻ വെറുപ്പ്‌ നിറഞ്ഞ്‌ പുറത്തേക്കൊഴുകുകയാണ് അക്കൂട്ടരുടെ. . .അത്‌ മാത്രമല്ല അവർക്ക്‌ വിഷമിക്കാനുള്ള കാരണം. . .

ഇന്നലെ വരെ വീടിനകത്തിരുന്നവർ, ശബ്ദമുയരാത്തവർ ഇന്ന് തെരുവിൽ ശബ്ദമുയർത്തുന്നു.

രാത്രിയിൽ പുറത്തിറങ്ങുന്നു. . .ചാനൽ മൈക്കിനു മുന്നിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. . .എങ്ങനെ സഹിക്കും അല്ലേ?

സഹിക്കണമെടോ,

രാത്രിയിൽ പുറത്തിറങ്ങാൻ സമ്മതിക്കാഞ്ഞ, ജീവനു ഒരു കാൻ പെട്രോളിന്റെ വിലയിട്ട, ചുമ്മാ കത്തിച്ചുകളഞ്ഞ അവരുടെ ശബ്ദം അതേ തെരുവിലുയരണം. . .

ഇത്‌ അവരുടെ കൂടി സമയമാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. . ഇത്‌ സമത്വത്തിനു വേണ്ടി കൂടിയുള്ള പോരാട്ടമാണ്

അവർ പോരാടും. . .

നിങ്ങൾ നിശബ്ദരാക്കാൻ ശ്രമിച്ച നാവുകൾ കൊണ്ട്‌. . .നിങ്ങൾ കീഴടക്കാൻ ശ്രമിച്ച തലച്ചോർ കൊണ്ട്‌. . .പുരുഷന്മാർക്ക്‌ സ്ത്രീകൾ തെരുവിൽ സംരക്ഷണമൊരുക്കുന്നത്‌ നിങ്ങൾ കാണും. .

ഒരു പെൺകുട്ടി വരച്ച ചിത്രമാണിതും. അവർ വിരലുകൾ കൊണ്ടും പോരാടും

വെറുപ്പിന്റെ കോട്ടകൾ ആരുയർത്തിയാലും അവരത്‌ തകർക്കും

അതാണു കാവ്യനീതി. . .