മേരി മുത്തശ്ശിയുടെ നൂറാം ക്രിസ്മസാണ്. പതിവിലും ഗംഭീരമാക്കാനാണ് മക്കളും മരുമക്കളും ചെറുമക്കളും പേരക്കിടാങ്ങളും ഉൾപ്പെടെയുള്ള അഞ്ചു തലമുറകളുടെ തീരുമാനം. എറണാകുളം തൈക്കുടം കൂടാരപ്പിള്ളി കുടുംബത്തിന്റെ ഐശ്വര്യമായി മുന്നിലെ ചാരുകസേരയിൽ മേരിയമ്മ ചിരി തൂകിയിരിപ്പുണ്ട്. അലക്കി തേച്ച ചട്ടയും മുണ്ടും നേരിയ കസവുനൂലിൽ തീർത്ത വേഷ്ടിയും തോളിലിട്ട് ഒരു കാരണവത്തി സ്റ്റൈൽ. വർത്തമാനങ്ങൾ പറഞ്ഞും ഇടയ്ക്കിടെ മുതിർന്നവരെ അല്പം ശകാരിച്ചും കുട്ടികൾക്കൊപ്പം കളിച്ചും ഫുൾവാട്ട് എനർജിയിലാണ് കക്ഷി.
പേരക്കിടാങ്ങളെല്ലാം പ്രിയപ്പെട്ട മുത്തശ്ശിയെ ചുറ്റിപ്പറ്റി നടക്കുകയാണ്. അവരിൽ ചിലർക്ക് മേരിയമ്മയും മറ്റു ചിലർക്ക് മറ്റമ്മയുമാണ്. രണ്ട് പേരു വിളിച്ചാലും മേരിയമ്മ ഡബിൾ ഹാപ്പിയാണ്. മുത്തശ്ശിയുടെ നൂറാമത്തെ ക്രിസ്മസിന് പ്രിയപ്പെട്ടതെല്ലാം അവർ ഒരുക്കുന്നുണ്ട്. എല്ലാത്തിനും വേണ്ട നിർദ്ദേശങ്ങൾ നൽകി മേരിയമ്മയും കൂടെയുണ്ട്. അമ്മച്ചിയോട് വർത്തമാനം പറഞ്ഞു തുടങ്ങിയാൽ സമയം പോണത് അറിയില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. അക്ഷരംപ്രതി സത്യമാണത്. പണ്ടത്തെ നാട്ടു കഥകളും പള്ളിപ്പാട്ടും ഒക്കെ ഇപ്പോഴും മണി മണി പോലെ ആ നാവിൻത്തുമ്പിലുണ്ട്.
നൂറ്റാണ്ടിന്റെ ക്രിസ്മസ്
ഓരോ ഡിസംബറിനും കൊതിയോടെയാണ് മേരി കാത്തിരിക്കുക. നവംബറിലെ മഞ്ഞു പെയ്തിറങ്ങുമ്പോഴേ മേരിയമ്മ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങും. ആഘോഷങ്ങൾക്കെല്ലാം ഈ പ്രായത്തിലും മുന്നിൽ തന്നെ. പിള്ളേര് സെറ്റിന്റെ പരീക്ഷ കഴിഞ്ഞു കിട്ടാൻ അവരേക്കാൾ ആവേശം മുത്തശ്ശിക്കാണ്. രണ്ടാമത്തെ മകൻ അഗസ്റ്റിനൊപ്പം കൂടാരപ്പിള്ളി തറവാട്ടിലാണ് ഇത്തവണത്തെ ക്രിസ്മസ്. ഓരോ വർഷവും ഓരോ മക്കൾക്കൊപ്പമാകും ആഘോഷം. മേരിയമ്മയുള്ള വീട് ഏതാണോ അവിടേക്ക് ബാക്കിയുള്ളവരെല്ലാം ഓടിയെത്താറാണ് പതിവ്. ക്രിസ്മസ് തലേന്ന് തന്നെ മക്കളും മരുമക്കളും പേരക്കിടാങ്ങളും അടക്കം എല്ലാവരും വീട്ടിലുണ്ടാകണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ്. അമ്മയെ കാണാൻ കേക്കുമായി അവരെല്ലാം എത്താറുമുണ്ട്. പഴയ കാലത്തെ ഉറപ്പുള്ള ഐസിംഗ് കേക്കാണ് മേരിയമ്മയ്ക്ക് പ്രിയം. അമ്മച്ചിക്ക് വേണ്ടി ആ കേക്ക് മക്കളാരെങ്കിലും ഉണ്ടാക്കാറാണ് പതിവ്. ക്രിസ്മസ് ദിവസം പാലുകറി മേരിയമ്മക്ക് നിർബന്ധമാണ്. പാടയില്ലാത്ത ഇറച്ചി ചതുര കഷ്ണങ്ങളാക്കി കൊത്തിയെടുത്ത് വറുത്ത് വയ്ക്കുന്ന പ്രത്യേക തരം ഇറച്ചിക്കറിയാണിത്. ഇപ്പോഴും ക്രിസ്മസ് ദിനത്തിൽ ആ ശീലം തെറ്റിയിട്ടില്ല. അടുക്കളയിലേക്ക് അധികമൊന്നും കയറാറില്ലെങ്കിലും അമ്മച്ചി പൊടിക്കൈകളെല്ലാം സന്തോഷത്തോടെ മക്കൾക്ക് കൈമാറിയിട്ടുണ്ട്.
മാത്തുച്ചേട്ടന്റെ മേരിപ്പെണ്ണ്
പതിനാറാമത്തെ വയസിലാണ് കൂടാരപ്പിള്ളി തറവാട്ടിലേക്ക് വലതുകാൽ വച്ച് മേരിപ്പെണ്ണ് എത്തുന്നത്. ഒത്തിരി കഷ്ടപ്പാടിന്റെയും എല്ലുമുറിയെ പണിയെടുത്തതിന്റെയും കഥയുണ്ട് ജീവിതത്തിൽ. പള്ളിയിൽ വച്ച് മേരിയെ കണ്ട മാത്യുവിന്റെ അപ്പനായിരുന്നു വിവാഹാലോചനയ്ക്ക് തുടക്കമിട്ടത്. അധികം വൈകാതെ കല്യാണക്കാര്യം ഇരുകൂട്ടരും ചേർന്നങ്ങ് തീരുമാനിച്ചു. കല്യാണനാളിലാണ് പയ്യന്റെ മുഖം വ്യക്തമായി കണ്ടതെന്ന് മേരിയമ്മ പറയുന്നു. അതുവരെ മുഖത്തേക്ക് നോക്കാൻ പോലും നാണമായിരുന്നു. കല്യാണം കഴിഞ്ഞതോടെ ഭാര്യാഭർത്താക്കന്മാരെ പോലെയല്ല, ഏറ്റവുമടുത്ത സുഹൃത്തുക്കളെ പോലെയായിരുന്നു തങ്ങൾ കഴിഞ്ഞതെന്നും മേരിയമ്മ ഓർത്തെടുത്തു.
തേങ്ങാവെട്ടായിരുന്നു മാത്യുവിന്റെ ജോലി. കിട്ടാവുന്നയിടങ്ങളിൽ നിന്നെല്ലാം തേങ്ങ ശേഖരിക്കും. അത് പൊതിച്ച് തൊണ്ടും തേങ്ങയും രണ്ടാക്കി വേർതിരിക്കും. തേങ്ങ അങ്ങാടിയിൽ കൊണ്ട് പോയി വിൽക്കും. തൊണ്ട് കുഴി കുഴിച്ച് അതിലിട്ട് ചെളി കൊണ്ട് മൂടും. ആറുമാസം കഴിയുമ്പോൾ അതെല്ലാം കൊണ്ടുപോയി ആലപ്പുഴ ചന്തയിൽ വിൽക്കും. ആ കാലത്താണ് വൈറ്റിലയിൽ പോസ്റ്റോഫീസ് വരുന്നത്. അവിടെ ആദ്യത്തെ പോസ്റ്റ്മാസ്റ്ററായി ഏഴു വർഷം ജോലി നോക്കി. പക്ഷേ പെട്ടെന്നാണ് ജീവിതം മാറുന്നത്, മേരിയെ തനിച്ചാക്കി മാത്യു പോയി. പിന്നീട് മക്കളെ വളർത്തുക മേരിയുടെ മാത്രം ഉത്തരവാദിത്തമായി. എട്ടുമക്കളെയും ചേർത്ത് പിടിച്ച് പിന്നീടൊരു പോരാട്ടമായിരുന്നു.
പിന്നിട്ട കനൽവഴികൾ
54 വർഷങ്ങൾക്ക് മുമ്പ് മാത്യു യാത്രയാകുമ്പോൾ മേരിക്ക് പ്രായം 46. നാലു പേർ അപ്പോഴും സ്കൂളിൽ പഠിക്കുന്ന കാലം. വീട്ടിലെ ബുദ്ധിമുട്ട് മക്കളെയറിയിക്കാതിരിക്കാൻ മുണ്ട് മുറുക്കിയുടുത്ത് നന്നായി അദ്ധ്വാനിച്ചു. വീട്ടിലുണ്ടായിരുന്ന കോഴിയും പശുവുമായിരുന്നു ആകെയുള്ള ആശ്രയം. വർഷങ്ങൾ ഇത്രയേറെ പിന്നിട്ടിട്ടും ആ ഓർമ്മക്കനൽ മേരിയമ്മ മറന്നിട്ടില്ല. തനിച്ചായതിന് ശേഷമുള്ള ഓരോ ക്രിസ്മസും മേരിയമ്മയ്ക്ക് വേദനകളുടേതായിരുന്നു. ഉത്സവങ്ങളെല്ലാം ആഘോഷിക്കണമെന്നത് മാത്തുച്ചേട്ടന്റെ ആഗ്രഹമായിരുന്നു. അദ്ദേഹം പോയതോടെ ഒന്നിനും കഴിയാതെയായി. മുളയിലാണ് നക്ഷത്രങ്ങൾ ഒരുക്കുക, അലങ്കാരങ്ങളൊക്കെ വാഴപ്പിണ്ടിയും കുരുത്തോലയും വച്ചിട്ടായിരുന്നു. ഇന്നിതെല്ലാം മാറി, നിറങ്ങളുടെ വിസ്മയമായി. കാലം പുരോഗമിച്ചപ്പോൾ അതിനോട് പുറം തിരിഞ്ഞ് നിൽക്കാനൊന്നും പക്ഷേ മേരിയമ്മ തയ്യാറല്ല. പരിഷ്കാരങ്ങളെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. ദേ കണ്ടില്ലേ.... ഈ പല്ല് പോലും അതാണ്. കണ്ണിറുക്കി മേരിയമ്മയുടെ കമന്റ് വന്നു.
നൂറാം പിറന്നാളിനും ആഘോഷനിറവ്
മക്കൾ തൊട്ട് കുടുംബത്തിലെ ഏറ്റവും ഇളയ ആളിന്റെ വരെ പിറന്നാൾ ദിവസം മേരിയമ്മയ്ക്ക് മനഃപ്പാഠമാണ്. സംശയം തോന്നിയാൽ ഒന്നുറപ്പിക്കാനായി ഡയറിയിൽ കുറിച്ചുമിട്ടുണ്ട്. ആ ദിവസം എല്ലാവരെയും കൃത്യമായി ഫോണിൽ വിളിച്ച് ആശംസ അറിയിക്കാറുണ്ട്. സംഗതി ഇതൊക്കെയാണെങ്കിലും സ്വന്തം പിറന്നാൾ ആഘോഷിക്കുന്നതിൽ മേരിയമ്മയ്ക്ക് അത്ര താത്പര്യമില്ല. എൺപത് വയസ് തികഞ്ഞതു മുതലാണ് എല്ലാവരുടെയും നിർബന്ധപ്രകാരം പിറന്നാൾ ആഘോഷിച്ചു തുടങ്ങിയത്. നൂറാം പിറന്നാൾ പതിവിൽ നിന്നെല്ലാം വ്യത്യസ്തമാക്കി. തൈക്കുടം സെന്റ് റാഫേൽ പള്ളിയിൽ വച്ചായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേർന്നു. വിദേശത്തുള്ളവരെല്ലാം മുൻകൂട്ടി ലീവെടുത്ത് നാട്ടിലെത്തി. കുടുംബക്കാരും പള്ളിക്കാരും ചേർന്ന് നൂറാം പിറന്നാൾ വലിയൊരു ആഘോഷമാക്കി. പിറന്നാൾ ദിനത്തിന്റെ ആഘോഷം കൊഴുപ്പിക്കാനെന്നോണം മാർഗം കളിയുടെ ചുവട് വയ്ക്കാനും മേരിയമ്മ മറന്നില്ല.
അഞ്ചു തലമുറയുടെ അനുഭവ സമ്പത്ത്
മേരിയമ്മയുടെ പിൻതലമുറക്കാർ നൂറിന് പുറത്തുവരും. എട്ടുമക്കളിൽ നാലു പെണ്ണും നാലു ആണും. മൂത്തമകൾ ബേബിക്ക് പ്രായം 86. ഇളയവൻ ജോസിന് 66 ഉം. അഗസ്റ്റിൻ, റോസി, ജോർജ്, ടോമി, റീഗൻ, ഫിലോമിന എന്നിവരാണ് ബാക്കി ആറുപേർ. എട്ടു മക്കൾക്കും കൂടി 22 മക്കൾ. അവർക്കെല്ലാം 33 മക്കൾ. അവരുടെ 18 മക്കൾ. അങ്ങനെ പോകുന്നു മേരിയമ്മയുടെ അഞ്ചു തലമുറ കുടുംബം. ഇത്തവണത്തെ ഓണം മുതൽ ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല എന്നതാണ് മേരിയമ്മയ്ക്കുള്ള ചെറിയൊരു പരാതി. ഓണം കഴിഞ്ഞതിന് പിന്നാലെ നൂറാം പിറന്നാളായി. ഇപ്പോൾ ക്രിസ്മസ്. പക്ഷേ, അടുത്ത പിറന്നാൾ ഇതിലും ഗംഭീരമാക്കുമെന്ന ഉറപ്പും പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഓരോ പുതിയ അംഗത്തെയും പരിചരിക്കാനും മേരിയമ്മ മുന്നിൽ തന്നെയുണ്ട്. പേര് ചൊല്ലി വിളിച്ചും, എണ്ണ തേച്ച് കുളിപ്പിച്ചും അടുത്തിടെ വരെ സജീവമായിരുന്നു.
ആഹാരം ദൈവമാണ്
വീട്ടിൽ ആരു വന്നാലും ഭക്ഷണം കഴിക്കാതെ മടക്കില്ല മേരിയമ്മച്ചി. കൂടാരപ്പിള്ളി തറവാട്ടിൽ എപ്പോഴും അതിഥികൾക്കായുള്ള ഭക്ഷണം തയ്യാറാണ്. മുൻപൊക്കെ അമ്മച്ചിയുടെ കൈ കൊണ്ട് വച്ചു വിളമ്പിയാണ് നൽകിയിരുന്നത്. പ്രായമേറിയതോടെ അടുക്കളയിലേക്കുള്ള പ്രവേശനം കുറച്ചു. ഇടിയിറച്ചിയിൽ മേരിയമ്മയുടെ ഒരു പ്രത്യേക രസക്കൂട്ടുണ്ട്. വിരുന്നുകാർ വീട്ടിലെത്തിയാൽ ഇടിയിറച്ചി നിർബന്ധമാണ്.
ഇപ്പോൾ മേരിയമ്മയുടെ നിർദ്ദേശ പ്രകാരം മക്കളാരെങ്കിലുമായിരിക്കും ഇടിയിറച്ചി ഉണ്ടാക്കുക. ആഹാരത്തിന് മുന്നിൽ ബഹുമാനത്തോടെ വേണം ഇരിക്കാനെന്ന് ഈ അമ്മയ്ക്ക് നിർബന്ധമാണ്. ഒരു വറ്റ് ചോറ് പോലും കളയുന്നത് ഇഷ്ടമല്ല. അമ്മയുടെ ചിട്ടവട്ടങ്ങൾ അറിയാവുന്നതുകൊണ്ട് മറ്റുള്ളവരും അത് ശീലിച്ച് കഴിഞ്ഞു. ആഹാരം കഴിക്കുന്നതിന് മുന്നേ എന്നും കുടുംബപ്രാർത്ഥനയും ഉണ്ട്.
എന്നും രാവിലെ ആറു മണിക്ക് ഉണരും. അലാറം വെച്ച പോലുള്ള കൃത്യനിഷ്ഠയാണത്. മൂന്ന് സ്പൂൺ പഞ്ചസാര ചേർത്ത് ഒരു ഗ്ലാസ് കട്ടൻചായയും മൂന്ന് കഷ്ണം റെസ്ക്കുമാണ് സ്ഥിരം പ്രാതൽ. അതുകഴിഞ്ഞാൽ മാതാവിന് മുന്നിൽ മെഴുകുതിരി തെളിച്ചുള്ള അര മണിക്കൂർ പ്രാർത്ഥന. പിന്നെ പത്രം വായന. ഇടയ്ക്ക് ഒരു ഗ്ലാസ് പാൽ. വീട്ടിലെ ചെടികളോട് അല്പം കുശലം പറച്ചിൽ. ഉച്ചയ്ക്ക് കൃത്യം ഒരു മണിക്ക് ഊണ് കഴിക്കണം. ചോറും ഉണക്കമീനുമാണ് പ്രിയം. ഉണക്കച്ചെമ്മീനാണേൽ എത്ര വേണേലും ചോറ് കഴിക്കാമെന്ന് ഒരു കള്ളച്ചിരി. പകലുറക്കം തീരേ പതിവില്ല. വെറുതേ പോലും കിടക്കില്ല. ആറു മണി മുതൽ ടി. വിക്ക് മുന്നിൽ ഹാജരാണ്. സിനിമയും സീരിയലും കോമഡിയും വാർത്തയും എല്ലാം കാണും. മോഹൻലാലിന്റെ കടുത്ത ആരാധികയാണ്. രാവിലെ പത്രം വരുമ്പോൾ തന്നെ കൊച്ചുമക്കളോട് ചോദിച്ച് ആ ദിവസത്തെ മോഹൻലാൽ സിനിമ അറിഞ്ഞു വയ്ക്കും. ആറാം തമ്പുരാനാണ് പ്രിയപ്പെട്ട സിനിമ. മോഹൻലാൽ മുണ്ടു മടക്കിക്കുത്തി വരുന്നത് കാണുമ്പോൾ മേരിയമ്മ എപ്പോഴും കൈയടിക്കും. തമിഴ് സിനിമകളോടും പ്രിയമാണ്. കല്യാണം കഴിഞ്ഞ നാളുകളിൽ മാത്തുച്ചേട്ടനൊപ്പം എത്രയോ തമിഴ് സിനിമകൾ കണ്ടിരിക്കുന്നുവെന്ന് അമ്മയുടെ അടക്കം പറച്ചിൽ.
ആശുപത്രിവാസം ഒറ്റത്തവണ
ഒത്തിരി കാഴ്ചകൾ കണ്ട കണ്ണാണ്. ഒരു നൂറ്റാണ്ടിന്റെ സന്തോഷവും വേദനയും അനുഭവിച്ചറിഞ്ഞു. ഓർമ്മകൾക്കൊന്നും ഒരു മങ്ങലുമില്ല. ആകെയുള്ളത് ഇച്ചിരി ബി.പി ആണ്. അത് പാരമ്പര്യമായി കിട്ടിയ സ്വത്താണെന്നാണ് മേരിയമ്മയുടെ മറുപടി. മേരിയമ്മ നൂറുവർഷത്തെ ജീവിതത്തിനിടയിൽ ആശുപത്രിയിൽ കിടന്നത് ഒരേയൊരു തവണ. അതും തിമിരത്തിന്റെ ശസ്ത്രക്രിയയ്ക്ക് മാത്രം. പനിയോ ജലദോഷമോ വന്നാൽ നാട്ടു വൈദ്യം തന്നെയാണ് പ്രിയം. വീട്ടുമുറ്റത്ത് പനിക്കൂർക്കയും തുളസിയും കാര്യമായി തന്നെ നട്ടുവളർത്തുന്നുണ്ട്. ആശുപത്രിയിൽ പോകാമെന്ന് ആരു പറഞ്ഞാലും അമ്മച്ചി കേൾക്കില്ല എന്നതാണ് മക്കളുടെ പരാതി. ഇച്ചിരി ചുക്ക് കാപ്പി അല്ലെങ്കിൽ തുളസിക്കാപ്പി കുടിച്ചാൽ മതിയെന്നാകും മറുപടി.
ബ്രിട്ടീഷുകാരുടെ സ്കൂളിലായിരുന്നു പഠിച്ചതൊക്കെ. ഇംഗ്ലീഷ് നല്ല പച്ചവെള്ളം പോലെ ഈ പ്രായത്തിലും വായിച്ച് കേൾപ്പിക്കും. രാഷ്ട്രീയവും കൃത്യമായി ശ്രദ്ധിക്കും. ആര് ഭരണം നടത്തിയാലും നാട് നന്നാകണമെന്നേ ആഗ്രഹമുള്ളൂ. വോട്ട് രേഖപ്പെടുത്താനും മുന്നിൽ തന്നെയുണ്ട്. ഞായാറാഴ്ചകളിലെ പള്ളി പ്രാർത്ഥനകൾ മുടക്കിയിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി വീട്ടിൽ തന്നെയാണ് പ്രാർത്ഥന. വിശേഷ ദിവസങ്ങളിൽ മാത്രം പള്ളിയിൽ പോകും.
ഇതൊക്കെയാണെങ്കിലും മേരിയമ്മ ഇപ്പോഴും കാത്തിരിപ്പിലാണ്. ഒരേയൊരു ആഗ്രഹം മാത്രമാണ് ബാക്കിയുള്ളത്. മോഹൻലാലിനെ ഒന്ന് കാണണം. നൂറാം പിറന്നാൾ ദിനത്തിൽ വീഡിയോ കോളിലൂടെ വിളിച്ച് ആശംസയറിയിച്ച കൂട്ടത്തിൽ സർപ്രൈസ് പോലെ ഒരു ദിവസം മുന്നിൽ വരുമെന്ന ഉറപ്പ് അദ്ദേഹം നൽകിയിരുന്നു. ആ നിമിഷത്തിന് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പെന്ന് മേരിയമ്മച്ചി. അതു പറഞ്ഞു കഴിഞ്ഞതോടെ മുല്ലമൊട്ടു പോലുള്ള പല്ല് കാട്ടി നല്ല ഒന്നാന്തരമൊരു ചിരിയും പാസാക്കി. ഇന്നും മേരിപ്പെണ്ണിന് പതിനാറിന്റെ തിളക്കമാണെന്ന് ആ ചിരി ഉറപ്പ് തരും.